കുവൈറ്റ് സിറ്റി: കുവൈറ്റിൽ പബ്ലിക് പ്രോസിക്യൂഷനിൽ രജിസ്റ്റർ ചെയ്ത അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തിൽ വൻ കുറവെന്ന് റിപ്പോർട്ട്. 2025 ആദ്യ പകുതിയെ അപേക്ഷിച്ച് 2026-ന്റെ ആദ്യ പകുതിയിൽ ഇത്തരം കേസുകളിൽ 53.2 ശതമാനത്തിന്റെ കുറവുണ്ടായതായി നീതിയായ മന്ത്രി നാസർ അൽ സുമായത് അറിയിച്ചു.
മുൻവർഷം ഇതേ കാലയളവിൽ 607 ആയിരുന്ന കേസുകളുടെ എണ്ണം ഇത്തവണ 284 ആയി ചുരുങ്ങി.മന്ത്രാലയം പുറത്തുവിട്ട വിശദമായ കണക്കുകൾ അനുസരിച്ച്, ആസൂത്രിതമായ കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും 26-ൽ നിന്ന് 24 ആയി കുറഞ്ഞു (7.7 ശതമാനം കുറവ്). ചെറിയ തോതിലുള്ള ആക്രമണ കേസുകൾ 376-ൽ നിന്ന് 137 ആയി കുറഞ്ഞു (63.6 ശതമാനം കുറവ്). വധഭീഷണി മുഴക്കലും ശാരീരികമായി ഉപദ്രവിക്കലും 99-ൽ നിന്ന് 56 കേസുകളായും (43.4 ശതമാനം കുറവ്), ആത്മഹത്യയും ആത്മഹത്യാശ്രമങ്ങളും 61-ൽ നിന്ന് 34 കേസുകളായും (44.3 ശതമാനം കുറവ്) കുറഞ്ഞിട്ടുണ്ട്. ഗുരുതരമായ ശാരീരിക പരിക്കേൽപ്പിച്ച കേസുകൾ 16-ൽ നിന്ന് 6 ആയി കുറഞ്ഞു (62.5 ശതമാനം കുറവ്).
2025, 2026 വർഷങ്ങളിൽ കൊണ്ടുവന്ന നിയമനിർമ്മാണ ഭേദഗതികളിലൂടെ ശിക്ഷാനിയമ സംവിധാനം കൂടുതൽ ശക്തമാക്കാൻ സർക്കാരിന് സാധിച്ചതായി മന്ത്രി പറഞ്ഞു. പരസ്ത്രീ ബന്ധം അല്ലെങ്കിൽ അവിഹിത ബന്ധം ആരോപിച്ച് ഭാര്യയെയോ വനിതാ ബന്ധുക്കളെയോ കൊലപ്പെടുത്തുന്ന പുരുഷന്മാർക്ക് ശിക്ഷാ ഇളവ് നൽകിയിരുന്ന പീനൽ കോഡിലെ 153-ാം വകുപ്പ് പൂർണ്ണമായും റദ്ദാക്കിയിരുന്നു. വഴിവിട്ട ബന്ധത്തിൽ ജനിക്കുന്ന കുഞ്ഞിനെ കൊലപ്പെടുത്തുന്ന മാതാവിന് ശിക്ഷാ ഇളവ് നൽകിയിരുന്ന 159-ാം വകുപ്പും നേരത്തെ പിൻവലിച്ചിരുന്നു.
മനഃപൂർവ്വമല്ലാത്ത കൊലപാതകങ്ങൾക്കും പരിക്കേൽപ്പിക്കലുകൾക്കും കടുത്ത ശിക്ഷ നിശ്ചയിക്കൽ, പൊതുസ്ഥലങ്ങളിൽ ന്യായമായ കാരണങ്ങളില്ലാതെ ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരമാക്കൽ, ഇത്തരം ആയുധങ്ങൾ ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കൽ, ഗാർഹിക പീഡന വിരുദ്ധ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തൽ എന്നിവ നിയമപരിഷ്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കി. കൂടാതെ, മക്കൾ മാതാപിതാക്കളെ ഉപദ്രവിക്കുന്ന കേസുകളിലും, കുട്ടികൾക്കും മാനസികാവസ്ഥ തെറ്റിയവർക്കും എതിരെയുള്ള കുറ്റകൃത്യങ്ങളിലും പരാതി പിൻവലിക്കാനോ ഒത്തുതീർപ്പിലെത്താനോ ഉള്ള സാധ്യത പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തു. ഈ കർശന നിയമങ്ങളാണ് കുറ്റകൃത്യങ്ങൾ കുറയാൻ പ്രധാന കാരണമായത്.



