കുവൈറ്റ്: ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ 66-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ഒഐസിസി യൂത്ത് വിങ് കുവൈറ്റിന്റെ നേതൃത്വത്തിൽ അബ്ബാസിയ നയനം ഹാളിൽ യൂത്ത് കോൺഗ്രസ് സ്ഥാപകദിനാഘോഷവും കേരള സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവത്കരണ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ പ്രതിജ്ഞാ സദസ്സും സംഘടിപ്പിച്ചു.ഒഐസിസി യൂത്ത് വിങ് പ്രസിഡന്റ് ഷോബിൻ സണ്ണി അധ്യക്ഷത വഹിച്ച ചടങ്ങ് ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ബി. എസ്. പിള്ള ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന പ്രസംഗത്തിൽ ബി. എസ്. പിള്ള, യൂത്ത് കോൺഗ്രസ് സ്ഥാപകദിനം യുവത്വത്തിന്റെ ഊർജവും ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും പുതുക്കിയുറപ്പിക്കുന്ന ദിനമാണെന്ന് പറഞ്ഞു. സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കേരള സർക്കാർ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് എല്ലാവരും പിന്തുണ നൽകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടർന്ന്, ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. എ. നിസാം മുഖ്യപ്രഭാഷണം നടത്തി. യുവജനങ്ങൾ സാമൂഹിക പ്രതിബദ്ധതയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് സമൂഹത്തിന് മാതൃകയാകണമെന്നും, ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകേണ്ടത് ഓരോ യുവാവിന്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്ന ‘ഓപ്പറേഷൻ തൂഫാൻ’ പ്രതിജ്ഞാ സദസ്സിൽ യൂത്ത് വിങ് വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ ബോണി സാം മാത്യു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചടങ്ങിൽ ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ഇല്യാസ് പൊതുവാച്ചേരി, നിബു ജേക്കബ്, രാമകൃഷ്ണൻ കള്ളാർ, നാഷണൽ കമ്മിറ്റി സെക്രട്ടറി റെജി കോരുത്, ജോയിന്റ് ട്രഷറർ കോശി ബോസ്, ജില്ലാ പ്രസിഡന്റുമാരായ എബി അത്തിക്കയം, ബത്താർ വൈക്കം, ബൈജു പോൾ, ജില്ലാ സെക്രട്ടറിമാരായ അനിൽ ചീമേനി, കൂടാതെ മുനീർ മഠത്തിൽ, ഷിജിൻ ഷാജി, ചാൾസ് ജോർജ്, സിനു ജോൺ എന്നിവർ ആശംസകൾ നേർന്നു.
യൂത്ത് വിങ് വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ ബോണി സാം മാത്യു സ്വാഗതം പറഞ്ഞു. യൂത്ത് വിങ് നേതാക്കളായ ലിജിൽ മാത്യു, നിതിൻ തോമസ്, ജെറിൻ എബ്രഹാം, ടിജോ തമ്പി, ഷൈൻ ജോസഫ് സാം, ബോയാസ് ജോസ്, സിറിൽ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.യൂത്ത് വിങ് ട്രഷറർ ഹസീബ് കീപ്പാട്ട് നന്ദി രേഖപ്പെടുത്തി.



