കുവൈറ്റ് സിറ്റി: രാജ്യത്തെ വ്യാജ വാണിജ്യ ഇടപാടുകൾ തടയുന്നതും ബിസിനസ്സ് രംഗത്തെ സുതാര്യത വർദ്ധിപ്പിക്കുന്നതുമായ 14 വകുപ്പുകളുള്ള ഡിക്രി നിയമം കുവൈറ്റ് ഔദ്യോഗിക ഗസറ്റായ ‘കുവൈറ്റ് അൽ-യൗമിൽ’ പ്രസിദ്ധീകരിച്ചു. നിയമം പ്രസിദ്ധീകരിച്ച് ആറുമാസത്തിന് ശേഷം പ്രാബല്യത്തിൽ വരും. സാമ്പത്തിക മേഖലയിലെ പ്രവർത്തനങ്ങൾ ക്രമീകരിക്കാനും, വിപണിയിൽ നീതിപൂർവ്വമായ അന്തരീക്ഷവും തുല്യ അവസരങ്ങളും ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിയമനിർമ്മാണം.
ശരിയായ ലൈസൻസില്ലാതെ ബിസിനസ്സ് നടത്തുന്നതും, നിയമവിരുദ്ധമായി ബിസിനസ്സ് ചെയ്യുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും മറച്ചുപിടിക്കുന്നതും പുതിയ നിയമപ്രകാരം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. അനുമതിയില്ലാതെ സ്വന്തം പേരിലോ കൂട്ടായും വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ, ലഭിച്ച ലൈസൻസിന്റെ പരിധി ലംഘിച്ച് പ്രവർത്തിക്കാനോ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ അവകാശമുണ്ടായിരിക്കില്ല. നേർക്കുനേരെയോ അല്ലാതെയോ നിയമവിരുദ്ധമായ ഇത്തരം കാര്യങ്ങൾക്ക് സഹായം നൽകുന്നതും കുറ്റകരമാണ്.നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കുറഞ്ഞത് ഒരു വർഷം മുതൽ പരമാവധി മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കും.
കൂടാതെ 10,000 കുവൈറ്റി ദിനാർ മുതൽ 1,00,000 കുവൈറ്റി ദിനാർ വരെ പിഴയോ, അല്ലെങ്കിൽ ഇത്തരം അനധികൃത ഇടപാടുകളിലൂടെ നേടിയ ആകെ ലാഭത്തിന് തുല്യമായ തുകയോ പിഴയായി അടക്കേണ്ടി വരും. കുറ്റവാളികളുടെ എണ്ണത്തിനോ ലംഘനങ്ങളുടെ വ്യാപ്തിക്കോ അനുസരിച്ച് പിഴ തുക വർദ്ധിക്കും.അഞ്ചാം വകുപ്പ് അനുസരിച്ച്, സ്ഥാപനത്തിൽ ഇത്തരം നിയമലംഘനങ്ങൾ നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും പ്രതികരിക്കാതിരിക്കുകയോ ഭരണപരമായ വീഴ്ച വരുത്തുകയോ ചെയ്യുന്ന യഥാർത്ഥ ഉടമ ഉത്തരവാദിയായിരിക്കും.
ജീവനക്കാർ സ്ഥാപനത്തിന്റെ പേരിൽ ഇത്തരം തട്ടിപ്പുകൾ നടത്തിയാൽ കമ്പനിയും അതിന് സംയുക്തമായി ഉത്തരവാദിയായിരിക്കും.ആറാം വകുപ്പ് പ്രകാരം, കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ വ്യാജ ഇടപാടുകളിലൂടെ നേടിയ മുഴുവൻ പണവും സ്വത്തുക്കളും കണ്ടുകെട്ടാൻ കോടതി നിർദ്ദേശിക്കും. ഒപ്പം സ്ഥാപനം പൂട്ടിയിടാനും ലൈസൻസ് റദ്ദാക്കാനും ഇതിൽ പങ്കാളികളായ വിദേശികളെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിടും.



