ഫോബ്‌സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന് ഗൗതം അദാനി

  • 31/10/2022



ദില്ലി: ഫോബ്‌സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യൻ വ്യവസായി ഗൗതം അദാനി. ആഭ്യന്തര ഓഹരികൾ തുടർച്ചയായി രണ്ടാഴ്ചയോളം കുതിച്ചുയർന്നതോടെ അദാനിയുടെ സമ്പത്തിൽ വൻ വർദ്ധനവുണ്ടായി. 314 മില്യൺ ഡോളറിന്റെ കുതിപ്പാണ് അദാനിയുടെ വരുമാനത്തിൽ ഉണ്ടായത്. ഇതോടെ 131.9 ബില്യൺ ഡോളറായി അദാനിയുടെ ആകെ ആസ്തി. 

അതേസമയം, സമ്പന്നരുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ജെഫ് ബെസോസിന്റെ സമ്പത്തിൽ കുത്തനെ ഇടിവ് ഉണ്ടായിട്ടുണ്ട്. 126.9 ബില്യൺ ഡോളറാണ് ജെഫ് ബെസോസിന്റെ ആസ്തി. ഗ്രൂപ്പിന്റെ വിപണി മൂലധനം ഏഴ് വർഷത്തിനുള്ളിൽ 16 മടങ്ങ് വർദ്ധിച്ചു, 2015 ൽ ഏകദേശം 16 ബില്യൺ ഡോളറിൽ നിന്ന് 2022 ൽ ഏകദേശം 260 ബില്യൺ ഡോളറായി.

കഴിഞ്ഞ മാസം 16 നാണ് ആമസോണിന്റെ ജെഫ് ബെസോസിനെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ ചെയർപേഴ്‌സണും ഇന്ത്യൻ ശതകോടീശ്വരനുമായ ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായത്. സമ്പന്നതയിലേക്കുള്ള യാത്രയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ, മുകേഷ് അംബാനിയ മറികടന്ന അദാനി ഏഷ്യയിലെ ഏറ്റവും ധനികനായി. 

തുടർന്ന് ഏപ്രിലിൽ മൈക്രോസോഫ്റ്റിന്റെ ബിൽ ഗേറ്റ്‌സിനെ പിന്നിലാക്കിലോകത്തിലെ നാലാമത്തെ വലിയ സമ്പന്നനായി.ശേഷം ഫ്രാൻസിന്റെ ബെർണാഡ് അർനോൾട്ടിനെ പിന്തള്ളി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഒടുവിൽ ജെഫ് ബെസോസിനെ വീഴ്ത്തി രണ്ടാം സ്ഥാനവും. ബെർണാഡ് അർനോൾട്ട് വീണ്ടും അദാനിയെ പിന്നിലേക്കാക്കി

ഗൗതം അദാനിയും ജെഫ് ബെസോസും ബെർണാഡ് അർനോൾട്ടുമെല്ലാം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ മാറി മാറി ആധിപത്യം പുലർത്തിയപ്പോഴും ഒന്നാം സ്ഥാനത്തിൽ യാതൊരു ചലനവും ഇല്ലാതെ നിലനിർത്തിയിരിക്കുകയാണ് ട്വിറ്റർ മേധാവി ഇലോൺ മസ്‌ക് 

Related Articles