ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇന്ന് അവസാനിക്കും. പ്രീ ക്വാർട്ടർ നേരത്തെയുറപ്പിച്ച ബ്രസീലും പോർച്ചുഗലും ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ലക്ഷ്യമിട്ട് ഇന്നിറങ്ങും. രാത്രി എട്ടരയ്ക്ക് തുടങ്ങുന്ന മത്സരത്തിൽ പോർച്ചുഗലിന് തെക്കൻ കൊറിയയാണ് എതിരാളികൾ. പ്രീ ക്വാർട്ടർ പ്രതീക്ഷയുമായി ഇറങ്ങുന്ന ഘാനയ്ക്ക് ഉറുഗ്വൊയാണ് ഇന്ന് എതിരാളി. രാത്രി പന്ത്രണ്ടരയ്ക്ക് തുടങ്ങുന്ന മത്സരങ്ങളിൽ ബ്രസീൽ കാമറൂണിനെയും സ്വിറ്റ്സർലൻഡ് സെർബിയയെയും നേരിടും. നോക്കൗട്ട് സാധ്യത എല്ലാ ടീമുകൾക്കും നിലനിൽക്കുന്നതിനാൽ മത്സരങ്ങൾ നിർണായകമാണ്. ഗ്രൂപ്പ് ജിയില്‍ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ടീമാണ് ബ്രസീല്‍. സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളിനും സ്വിറ്റ്‌സര്‍ലന്‍ഡിനെ 1-0നും ബ്രസീല്‍ പരാജയപ്പെടുത്തിയിരുന്നു. ആറ് പോയിന്‍റുമായി ബ്രസീല്‍ തന്നെയാണ് ജി ഗ്രൂപ്പില്‍ തലപ്പത്ത്. കാമറൂണിനെതിരെ ഇന്ന് ജയിച്ചാല്‍ സമ്പൂര്‍ണ ജയവുമായി ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാം കാനറിപ്പടയ്ക്ക്. ഒരു ജയവുമായി സ്വിസ് രണ്ടും ഒരു സമനില വീതമായി കാമറൂണും സെര്‍ബിയയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലും നില്‍ക്കുന്നു. അതേസമയം ഗ്രൂപ്പ് എച്ചില്‍ രണ്ട് ജയവുമായി പോര്‍ച്ചുഗല്‍ തലപ്പത്താണ്. ഒരു ജയമുള്ള ഘാന രണ്ടാമത് നില്‍ക്കുന്നു. ദക്ഷിണ കൊറിയക്കും ഉറുഗ്വെയ്ക്കും ഓരോ സമനില വീതം മാത്രമേയുള്ളൂ. ഫുട്ബോള്‍ ലോകകപ്പില്‍ ഇന്നലത്തെ മത്സര ഫലങ്ങള്‍ നാടകീയമായിരുന്നു. മുൻ ചാമ്പ്യന്മാരായ ജർമനി തുടർച്ചയായ രണ്ടാം ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. ഗ്രൂപ്പ് ഇയില്‍ ജപ്പാൻ ഒന്നിനെതിരെ രണ്ട് ഗോളിന് സ്പെയിനെ അട്ടിമറിച്ചതോടെയാണ് കോസ്റ്ററിക്കയെ തോൽപ്പിച്ചിട്ടും ജർമനിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. ജപ്പാനൊപ്പം ഗോൾ ശരാശരിയുടെ മികവിൽ സ്പെയിനും പ്രീ ക്വാർട്ടറിൽ കടന്നു. അതോടൊപ്പം ഗ്രൂപ്പ് എഫില്‍ ലോകകപ്പിൽ ആദ്യ കടമ്പ പോലും കടക്കാതെ അടിതെറ്റി ബെൽജിയത്തിന്‍റെ സുവര്‍ണ തലമുറ പുറത്തായി. ക്രൊയേഷ്യക്കെതിരെ ഗോൾ രഹിത സമനില വഴങ്ങിയതോടെയാണിത്. രണ്ടാം സ്ഥാനക്കാരായി ക്രൊയേഷ്യ പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ചു. മൊറോക്കോയാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?