പ്രവാസികളെ ആട്ടിയോടിക്കുന്ന പ്രിയപ്പെടാത്ത നാട്ടുകാരോടും, വഴിമുടക്കുന്ന സര്‍ക്കാരിനോടും ചിലത് പറയാനുണ്ട്

  • 20/06/2020

കാതങ്ങള്‍ താണ്ടിയ പ്രവാസ ജീവിതം. യൗവനത്തില്‍ തുടങ്ങി, മധ്യവയസ്സും കടന്ന്  വാര്‍ദ്ധക്യത്തിന്റെ പടിവാതില്‍ വരെ നീളുന്ന പ്രയാണം. ബാക്കി വെച്ച സ്വപ്നങ്ങള്‍ പൂവണിയാനുള്ള പ്രയത്നങ്ങള്‍ക്കിടയില്‍ ശാരീരികവും മാനസികവുമായ അവശതകളെയെല്ലാം സ്വയം അവഗണിക്കുന്നവരാണ്  നാം പ്രവാസികള്‍.

ലോകമാകെ പടര്‍ന്നു കൊണ്ടിരിക്കുന്ന കൊറോണ മഹാമാരി ഗള്‍ഫ് പ്രവാസികളുടെ ജീവിതത്തെയും സാരമായി ബാധിച്ചിരിക്കുകയാണ്. എല്ലാ വരുമാന മാര്‍ഗങ്ങളും നിലച്ച പലരും സന്നദ്ധ സേവന സംഘടനകള്‍ നല്‍കുന്ന കിറ്റുകളെയും മറ്റും ആശ്രയിച്ചാണ്  ജീവിതം തള്ളി നീക്കുന്നത്.

കോവിഡ് ബാധിച്ചും, മാനസിക സമ്മര്‍ദ്ദം താങ്ങാനാവതെ ഹൃദയസ്തംഭനം മൂലവും, മലയാളികളടക്കമുളള നിരവധി പ്രവാസികളാണ് ദിവസവും ഗള്‍ഫ് നാടുകളില്‍ മരണമടയുന്നത്.

ആകസ്മികമായി വന്നു ചേര്‍ന്ന പ്രതിസന്ധികളില്‍ മാനസികമായി തളര്‍ന്നിരിക്കുന്ന ഘട്ടത്തിലാണ് നാടിന്റെ കരുതലും സുരക്ഷയും തേടി പ്രവാസികള്‍ ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റുകളിലും മറ്റും നാടണയാന്‍ ശ്രമിക്കുന്നത്.

ഈ സാഹചര്യത്തില്‍ പ്രവാസികളോടുള്ള ഭരണകൂടത്തിന്റെയും നാട്ടുകാരുടെയും സമീപനങ്ങള്‍ ഏറെ വേദനയുളവാക്കുന്നതും , പ്രതിഷേധാര്‍ഹവുമാണ്.

ഗള്‍ഫ് നാടുകളിലെ നിലവിലെ സാമൂഹിക സാഹചര്യങ്ങളെയും, നിയമവശങ്ങളെയും കുറിച്ചുള്ള ശരിയായ ധാരണയില്ലാത്തതാണ് ഒട്ടും പ്രായോഗികമല്ലാത്ത നിബന്ധനകള്‍ മുന്നോട്ട് വെക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളെ പ്രേരിപ്പിക്കുന്നത്. കോവിഡ് കണക്കുപുസ്തകത്തിലെ ഗുഡ് വില്ലിന് വേണ്ടി മാത്രം
പ്രവാസികളെ കുരുതി കൊടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

വിവിധ ഗള്‍ഫു നാടുകളിലെ നിയമങ്ങളും,നടപടികളും വ്യത്യസ്തമാണ്. കോവിഡ് ടെസ്റ്റുകള്‍ ചെയ്യാന്‍ നിബന്ധനകളും പരിമിതികളുമുണ്ട്. ഈ കാര്യങ്ങളൊന്നും മനസ്സിലാക്കാതെ കേരളത്തിലെ സാഹചര്യങ്ങളെ മാത്രം വിലയിരുത്തി മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങള്‍ പ്രവാസികളെ തീരാദുരിതങ്ങളിലേക്കാണ് തള്ളി വിടുന്നത്.

കൊറോണ വ്യാപനത്തെ കുറിച്ചുള്ള ശരിയായ അവബോധമില്ലാത്തതാണ് നാടണയുന്ന പ്രവാസികളോടുള്ള നാട്ടുകാരുടെ  ക്രൂരമായ സമീപനങ്ങള്‍ക്ക് കാരണമാകുന്നത്.

ജനിച്ച് വളര്‍ന്ന സ്വന്തം നാട്ടിലേക്കുള്ള തിരിച്ച് വരവ് ഏതൊരു പ്രവാസിയുടെയും ജന്മാവകാശമാണ്. വര്‍ഷങ്ങളോളം ഗള്‍ഫ് നാടുകളില്‍ കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കിയ സ്വന്തം വീട്ടില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ എല്ലാസുരക്ഷാ മുന്‍കരുതലുകളും പാലിച്ച് ക്വാറന്റൈന്‍ ചെയ്യാന്‍ പോലും പറ്റാത്ത സാഹചര്യം അതിദയനീയമാണ്. സംസ്കാരശൂന്യരായ ഒരു വിഭാഗം ജനങ്ങളുടെ മനുഷ്യത്വരഹിതമായ ഇത്തരം ഹീന കൃത്യങ്ങള്‍
കേരള സമൂഹത്തിനാകമാനം അപമാനവുമാണ്.

പ്രവാസികളെ അഭയാര്‍ത്ഥികളെ പോലെ ആട്ടിയോടിക്കാന്‍ ശ്രമിക്കുന്ന പ്രിയപ്പെടാത്ത നാട്ടുകാരേ, നിങ്ങളൊരല്‍പ്പമെങ്കിലും നന്ദിയുളളവരാകണം. യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളണം. കോവിഡ് ഭീതിയില്‍ അന്ധത ബാധിച്ച നിങ്ങളുടെ ഹൃദയാന്തരങ്ങളിലെ മാലിന്യങ്ങളെ തൂത്തെറിഞ്ഞ് നന്മകളെ വീണ്ടെടുക്കണം.

നിങ്ങളിന്ന് പ്രാര്‍ത്ഥിക്കുന്ന ആരാധനാലയങ്ങളുടെ കെട്ടുമതിലുകളില്‍, നിങ്ങളുടെ മക്കള്‍ പഠിക്കുന്ന നാടിന്നഭിമാനമായി  ഉയര്‍ന്ന് നില്‍ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തറക്കല്ലുകളില്‍, നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹവേളയിലുള്ള സന്തോഷ കണ്ണീരിന്റെ പിന്നില്‍,  മാറാ രോഗങ്ങളാല്‍ യാദന അനുഭവിക്കുന്നവര്‍ക്കായുളള  സഹായ ഹസ്തങ്ങളില്‍, എന്തിനേറെ നിങ്ങളിന്ന് പൊടിപൊടിച്ച് നടത്തുന്ന മത രാഷ്ട്രീയ സാംസ്കാരിക സമ്മേളനങ്ങളില്‍ പോലും പ്രവാസികളുടെ വിയര്‍പ്പിന്റെ ഗന്ധമുണ്ടാവും.

ഈ കൊറോണ കാലവും കടന്നു പോകും. പ്രളയവും പേമാരിയും,സുനാമിയും ഭൂമികുലുക്കവുമൊക്കെയായി പ്രകൃതി ദുരന്തങ്ങള്‍ വരുംകാലങ്ങളിലും നമുക്ക് നേരിടേണ്ടി വന്നേക്കാം. സ്രഷ്ടാവിന്റെ  ഇത്തരം പരീക്ഷണ ഘട്ടങ്ങളില്‍ പരസ്പരം കൈത്താങ്ങാകാന്‍ നമുക്കാകണം.

പ്രവാസിയെന്നോ സ്വദേശിയെന്നോ തരം തിരിക്കാതെ, മതത്തിന്റെയും ജാതിയുടെയുമൊന്നും വേര്‍തിരിവില്ലാതെ, പച്ച മനുഷ്യരായി എല്ലാ വിപത്തുകളെയും നമുക്കൊന്നായി നേരിടാനാകണം. നാഥന്‍ തുണക്കട്ടെ!

Related Blogs