മാറേണ്ടത് മലയാളിയുടെ മൈൻഡ് സെറ്റ്; കൊറോണ നമ്മുടെ നാട്ടിലെ പലരുടെയും തനി സ്വഭാവം തുറന്നു കാട്ടുന്നു.

  • 21/06/2020

നാട്ടിലേക്കു തിരിച്ചെത്തിയ പ്രവാസിയെ സ്വന്തം വീട്ടിലേക്കു കയറാൻ സമ്മതിക്കാതെ നാട്ടുകാർ വളഞ്ഞിട്ടു ഘെരാവോ ചെയ്യുന്നു. മറ്റൊരു പ്രവാസിയെ ക്വാറന്റൈൻ ആയി താമസിച്ചു കൊണ്ടിരുന്ന ഹോട്ടലിൽ നിന്നും ഇറക്കി വിടുന്നു. എയർപോർട്ടിൽ നിന്നും വീട്ടിലേക്കു ടാക്സിയിൽ പൊയ്ക്കൊണ്ടിരുന്ന ഒരു യുവതിയെ പോലീസുകാരൻ തടഞ്ഞു നിർത്തി ഭയപ്പെടുത്തുന്നു; ഒരു മകൻ അച്ഛനോട് സ്വന്തം വീട്ടിലേക്കു വരരുത്, വന്നാൽ ഞാൻ ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപെടുത്തുന്നു.

മലയാളിക്ക് ഇതെന്തു പറ്റി? വാസ്തവത്തിൽ ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ? നാട്ടിലേക്കു വരുന്ന പ്രവാസി കൊറോണ കടത്തി കൊണ്ട് വന്നു കരിഞ്ചന്തയിൽ മറിച്ചു വില്കുമെന്നാണോ നിങ്ങൾ കരുതുന്നത്? നാട്ടിലേക്കു വരുന്ന യാത്രക്കാർക്ക് മുഴുവനായും കൊറോണ ഉണ്ടെന്നും കൊറോണ ഉള്ളവനെ കണ്ടാൽ തന്നെ അടിച്ചൊടിക്കണമെന്നും ആരാണ് നിങ്ങളെ പറഞ്ഞു പറ്റിച്ചത്? ഇനി അഥവാ, അവനറിയാതെ അവന്ടെ ദേഹത്തിൽ വിമാന യാത്രക്കിടയിലോ, അല്ലാതെയോ കൊറോണ ഉണ്ടെങ്കിൽ തന്നെ അവനെന്തു പിഴച്ചു?

നിങ്ങൾക്ക് അറിയുമോ? ഇവിടെ ഗൾഫ് നാട്ടിൽ ആർകെങ്കിലും ഒരാൾക്കു പോസിറ്റീവ് ആണെന്ന് തോന്നിയാൽ, നാടും, കൊടിയും, മതവും ജാതിയും മറന്നു പ്രവാസി അവനെ സഹായിക്കാൻ ഓടി നടക്കുകയാണ്. അവനു മരുന്നും ഭക്ഷണവും നൽകി സഹായിക്കാനും, ക്വാറന്റൈൻ സമയത് സ്വാന്തനിപ്പിക്കാനും അവനെ അറിയാത്ത ഒട്ടേറെ സാമൂഹ്യ പ്രവർത്തകർ മത്സരിക്കുകയാണ്.

അപ്പോഴാണ് നമ്മുടെ നാട്ടിൽ ഇങ്ങിനെ, ജോലി പോയതിന്റെ പേരിൽ, താമസിക്കുന്ന റൂമിനു വാടക കൊടുക്കാൻ ഇല്ലാത്തതിന്റെ പേരിൽ, കഴിച്ചു കൊണ്ടിരുന്ന മരുന്ന് തീർന്നു പോയതിന്റെ പേരിൽ, പ്രസവ ചികിത്സക്ക് സൗകര്യം ഇല്ലാത്തതിന്റെ പേരിൽ, വിസിറ്റ വിസയുടെ കാലാവധി കഴ്ഞ്ഞു പോയതിന്റെ പേരിൽ ഒക്കെ നാട്ടിൽ വരുന്ന സ്വന്തം അയൽവാസിയെ എയിഡ്‌സ് രോഗിയെ എന്ന പോലെ വളഞ്ഞിട്ട് പിടിച്ചു വിരട്ടുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. എന്താണ് മലയാളിക്ക് പറ്റിയത്? നമ്മുടെ പരസ്നേഹത്തിന്ടെ ഉറവ വറ്റി വരണ്ടു പോയോ?

മലയാളിയുടെ തിരിച്ചറിവിന് എന്ത് പറ്റി? കൊറോണ വെറും ഒരു പനി പോലെ, ജല ദോഷം പോലെ ഒക്കെ ആണെന്ന് ഡോക്ടർമാർ തന്നെ പറയുന്നു. മരുന്ന് കഴിച്ചാൽ രണ്ടാഴ്ച കൊണ്ട് മാറും; മരുന്ന് കഴിച്ചില്ലെങ്കിലോ പതിനാലു ദിവസം എടുത്തേക്കും. അത്രയേ ഉള്ളൂ. ഇതിനിടയിൽ ചിലർ, അല്ല ഒത്തിരിപ്പേർ മരിച്ചു പോകുന്നത് നേര് തന്നെ, കൊറോണ കാലത്തിനു മുമ്പും ചെറുതും വലുതുമായ രോഗങ്ങൾ കാരണം എത്ര പേര് മരിച്ചു പോയിരിക്കുന്നു? രോഗം വന്നാൽ ചികിതസിക്കുക എന്നതല്ലേ സാദാരണ മര്യാദ? ആ ചികിത്സയുടെ ഒക്കെ ഭാഗമല്ലേ ക്വാറന്റൈനും ഐസൊലേഷനും ഒക്കെ. പിന്നെ, രോഗിയെ ആട്ടിയോടിക്കുന്ന കാട്ടാളത്തം നമുക്ക് ആരാണ് പറഞ്ഞു തന്നത്?

മാറേണ്ടത് മലയാളിയുടെ മൈൻഡ് സെറ്റ് ആണ്. കൊറോണ ഒരു സാദാരണ രോഗം ആണ്. വേണ്ട, കൊറോണ ഒരു അസാധാരണ രോഗം ആണ്, പകർച്ച വ്യാധിയാണ്. ചികിത്സയായി പറയപ്പെടുന്നത് പൊതു സമൂഹത്തിൽ നിന്നും പരമാവധി അകലം പാലിക്കുക എന്നതാണ്. ഒരു സാധാരണ രോഗി, രണ്ടോ മൂന്നോ ആഴ്ച കൊണ്ട് സുഖം പ്രാപിക്കും. അത് വരെ നാം അവനെ അറിഞ്ഞു സഹായിക്കുക. സ്വാന്തനിപ്പിക്കുക. അത്രയേ ഉള്ളൂ.

അതല്ലാതെ അവനെ വീട്ടിലും വിമാനത്തിലും കയറ്റാതിരുന്നാൽ, തകരുന്നത് മലയാളിയുടെ തനതായ സംസ്കാരമാണ്. അന്യനോടുള്ള സ്നേഹമാണ്. കനിവാണ്. കരുതലാണ്. ആരോട് പറയാൻ?

സഗീർ തൃക്കരിപ്പൂർ.

Related Blogs