കുവൈറ്റ് സിറ്റി: വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ മൂന്ന് ഇറാൻ പൗരന്മാർക്ക് വിചാരണ കോടതി വിധിച്ച വധശിക്ഷ കുവൈറ്റ് അപ്പീൽ കോടതി ശരിവെച്ചു. കൗൺസിലർ അബ്ദുള്ള അൽ സനേ അധ്യക്ഷനായ ബെഞ്ചാണ് ബുധനാഴ്ച നിർണ്ണായക വിധി പുറപ്പെടുവിച്ചത്.
സഊദ് അൽ മുതൈരി, ബസ്സാം അൽ ഗനീം എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ. കുബ്ബർ ദ്വീപിന് സമീപം കോസ്റ്റ് ഗാർഡും ഡ്രഗ് കൺട്രോൾ വിഭാഗവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.120 കിലോഗ്രാമിലധികം ഹാഷിഷും പതിനായിരത്തോളം മയക്കുമരുന്ന് ഗുളികകളുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കുബ്ബർ ദ്വീപിന് സമീപമുള്ള ഒരു പ്രത്യേക കേന്ദ്രത്തിൽ ഈ ലഹരിമരുന്ന് എത്തിക്കാനായിരുന്നു ഇവരുടെ നീക്കമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
ലഹരിമരുന്ന് കൈമാറുന്നതിനായി മറ്റൊരാളുമായി മുൻകൂട്ടി കരാറിലേർപ്പെട്ടിരുന്നതായും വിജയകരമായി എത്തിച്ചാൽ ഓരോരുത്തർക്കും 10,000 ദിനാർ വീതം പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നതായും പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ ഒരുക്കിയ കൃത്യമായ കെണിയിൽ പ്രതികൾ വീഴുകയായിരുന്നു. മയക്കുമരുന്നിനെതിരെ കുവൈറ്റ് സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ തെളിവാണ് ഈ വധശിക്ഷാ വിധിയെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

