കുവൈറ്റ് സിറ്റി: വിവിധ അറബ് രാജ്യങ്ങളിലെ ലഹരി വിരുദ്ധ ഏജൻസികൾ ഏകോപിപ്പിച്ചു നടത്തിയ വൻ ഓപ്പറേഷനിൽ കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച അഞ്ച് ലക്ഷത്തോളം കാപ്റ്റഗൺ മയക്കുമരുന്ന് ഗുളികകൾ അധികൃതർ പിടികൂടി. അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖലയെ ലക്ഷ്യം വെച്ച് നടത്തിയ ഈ നീക്കം കുവൈറ്റ് സുരക്ഷാ വിഭാഗത്തിന്റെ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ കുവൈറ്റ് എംബസിയിലുള്ള ക്രിമിനൽ സെക്യൂരിറ്റി ഓഫീസും ലെബനനിലെ സെൻട്രൽ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ബ്യൂറോയും കുവൈറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളും സംയുക്തമായാണ് ഈ പരിശോധന നടത്തിയത്.കടൽ മാർഗ്ഗം കുവൈറ്റിലെത്തിയ ഒരു സംശയാസ്പദമായ ചരക്ക് നീക്കത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്.
ഭക്ഷ്യവസ്തുക്കളാണെന്ന വ്യാജേനയാണ് മയക്കുമരുന്ന് അടങ്ങിയ കണ്ടെയ്നർ അതിർത്തി കടക്കാൻ ശ്രമിച്ചത്. എന്നാൽ രഹസ്യാന്വേഷണ വിഭാഗം നടത്തിയ സൂക്ഷ്മമായ നിരീക്ഷണത്തിൽ, നൂതനമായ രീതിയിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസുമായി സഹകരിച്ച് നടത്തിയ നീക്കത്തിൽ, ലഹരിമരുന്ന് വിപണിയിൽ എത്തുന്നതിന് മുൻപ് തന്നെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

