കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനായി തങ്ങൾക്ക് കീഴിലുള്ള ക്യാമ്പുകളുടെയും കേന്ദ്രങ്ങളുടെയും സുരക്ഷാ ചുമതലകൾ നാഷണൽ ഗാർഡ് അതീവ ജാഗ്രതയോടെ നിർവ്വഹിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. കുവൈറ്റ് ആർമി, പോലീസ്, ജനറൽ ഫയർ ഫോഴ്‌സ് എന്നിവയുമായി സഹകരിച്ച് മാതൃരാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ തങ്ങളുടെ സൈന്യം പ്രതിജ്ഞാബദ്ധമാണെന്ന് നാഷണൽ ഗാർഡ് വ്യക്തമാക്കി. ഏത് ദൗത്യവും ഏറ്റെടുക്കാൻ പ്രാപ്തമായ രീതിയിൽ നാഷണൽ ഗാർഡ് ഉദ്യോഗസ്ഥർ ഉയർന്ന പോരാട്ടവീര്യത്തിലും സജ്ജതയിലുമാണ്. ഇതിന്റെ ഭാഗമായി വാർഷിക അടിയന്തര പദ്ധതികളും പരിശീലന പരിപാടികളും സജീവമാക്കിയിട്ടുണ്ട്.
ശൈഖ് സലേം അൽ-അലി സെന്റർ ഫോർ കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയേഷൻ മോണിറ്ററിംഗ് കുവൈറ്റിലെ വായുവിലും ജലത്തിലും നടത്തിയ പരിശോധനകളിൽ റേഡിയേഷൻ തോതിൽ വർദ്ധനവൊന്നും കണ്ടെത്തിയിട്ടില്ല. നിലവിലെ സാഹചര്യം പൂർണ്ണമായും സാധാരണ നിലയിലാണെന്നും വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് കൃത്യമായ നിരീക്ഷണം തുടരുന്നുണ്ടെന്നും നാഷണൽ ഗാർഡ് അറിയിച്ചു. മേഖലയിലെ സാഹചര്യങ്ങൾക്കിടയിൽ രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ.


