കുവൈത്ത് സിറ്റി: അലി സബാഹ് അൽ-സലേം മേഖലയിൽ പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ ഒരു കുവൈത്ത് പൊലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ച സിറിയൻ സ്വദേശി സുരക്ഷാസേനയുടെ വെടിവെപ്പിൽ മരിച്ചു.1993-ൽ ജനിച്ച പ്രതിയെ പതിവ് സുരക്ഷാ പരിശോധനയ്ക്കിടെ പൊലീസ് പട്രോൾ സംഘം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ഇയാൾക്കെതിരെ നിലവിലുള്ള അറസ്റ്റ് വാറണ്ട് ഉള്ളതായി കണ്ടെത്തിയത്. തുടർന്ന് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പ്രതി കത്തി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിൽ ഫസ്റ്റ് കോർപ്പറൽ എം. എഫ്. എന്ന പൊലീസുകാരന് കഴുത്തിലും തുടയിലും കുത്തേറ്റു. ജീവന് ഭീഷണിയായ സാഹചര്യത്തിൽ നിയമാനുസൃതമായി സുരക്ഷാസേന തിരിച്ചടിയായി വെടിയുതിർക്കുകയായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.പരിക്കേറ്റ പൊലീസുകാരനെയും വെടിയേറ്റ പ്രതിയെയും ആശുപത്രിയിലെത്തിച്ചെങ്കിലും പ്രതി പിന്നീട് മരണത്തിന് കീഴടങ്ങി. പൊലീസുകാരന് അടിയന്തര ശസ്ത്രക്രിയ നടത്തി ചികിത്സ തുടരുകയാണ്.സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അന്വേഷണ ഏജൻസികളെ അറിയിച്ചിട്ടുണ്ടെന്നും കേസിൽ നിയമനടപടികളും വിശദമായ അന്വേഷണവും പുരോഗമിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



