കുവൈത്ത് സിറ്റി: രാജ്യത്തിന്റെ പൊതുവായ ശുചിത്വം നിലനിർത്തുന്നതിനും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനുമായി കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ എല്ലാ ഗവർണറേറ്റുകളിലും പരിശോധന ശക്തമാക്കി.
പബ്ലിക് ഹൈജീൻ ആൻഡ് റോഡ് ഒക്യുപ്പൻസി ഡിപ്പാർട്ട്മെന്റിന്റെ ഫീൽഡ് ടീമുകൾ സംയുക്തമായി നടത്തിയ മിന്നൽ പരിശോധനകളിൽ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പൊതുസ്ഥലങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് നഗരസഭയുടെ തീരുമാനം.ഹവല്ലി ഗവർണറേറ്റിലെ പാർപ്പിട മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന പരിശോധനകൾ.
റോഡുകളിലെ തടസ്സങ്ങൾ നീക്കം ചെയ്യാനും നിശ്ചിത കണ്ടെയ്നറുകൾക്ക് പുറത്ത് മാലിന്യം തള്ളുന്നത് തടയാനും ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. പരിശോധനയിൽ വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 87 പഴയ വാഹനങ്ങളും അനധികൃതമായി പാർക്ക് ചെയ്തിരുന്ന ബോട്ടുകളും അധികൃതർ പിടിച്ചെടുത്ത് നീക്കം ചെയ്തു. കൂടാതെ, നിയമവിരുദ്ധമായി വാഹനങ്ങൾ പാർക്ക് ചെയ്തതിന് 123 ഉടമകൾക്ക് നഗരസഭാ അധികൃതർ കർശന മുന്നറിയിപ്പ് നൽകി.
