കുവൈത്ത് സിറ്റി: രാജ്യത്തെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനും പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുമായി കുവൈത്ത് പരിസ്ഥിതി പൊതു അതോറിറ്റി നിരീക്ഷണം ശക്തമാക്കി. അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് നിലവിലെ സാഹചര്യത്തിൽ ജലത്തിന്റെ ശുദ്ധി പരിശോധിക്കുന്നത്. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ മാനദണ്ഡങ്ങൾ പാലിച്ചാണ് ജലത്തിന്റെ ഗുണനിലവാരം നിയന്ത്രിക്കുന്നതെന്ന് അതോറിറ്റിയിലെ കെമിക്കൽ ടെസ്റ്റിംഗ് വിഭാഗം മേധാവി അബ്ദുള്ള അൽ യതീം വ്യക്തമാക്കി.
അത്യാധുനിക കെമിക്കൽ, ബയോളജിക്കൽ സൂചകങ്ങൾ ഉപയോഗിച്ച് ജലം മലിനവിമുക്തമാണെന്ന് ലാബോറട്ടറികളിൽ ഉറപ്പുവരുത്തുന്നുണ്ട്. കുടിവെള്ളം, കടൽവെള്ളം എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിൽ പരിസ്ഥിതി അതോറിറ്റിയുടെ ലാബോറട്ടറികൾ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. ജലചക്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും കൃത്യമായ മേൽനോട്ടം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ നിന്ന് കുടിവെള്ള സാമ്പിളുകൾ ശേഖരിച്ച് പതിവായി പരിശോധനകൾ നടത്തുന്നുണ്ട്. ഇതിനുപുറമെ, രാജ്യത്തിന്റെ വടക്ക് മുതൽ തെക്ക് വരെയുള്ള തീരപ്രദേശങ്ങളിൽ നിന്ന് സമുദ്രജല സാമ്പിളുകൾ ശേഖരിച്ചും ലാബ് പരിശോധനകൾ നടത്തിവരുന്നു. ഇത്തരം വിപുലമായ നിരീക്ഷണങ്ങളിലൂടെ ജലസ്രോതസ്സുകൾ മലിനമാകുന്നില്ലെന്നും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കാൻ അതോറിറ്റിക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
