കുവൈത്ത്സിറ്റി: രാജ്യത്തെ കശാപ്പുശാലകളിൽ കർശനമായ മേൽനോട്ടം ഉറപ്പാക്കി പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. മാംസത്തിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള അതോറിറ്റിയുടെ നിരന്തരമായ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി.
അതോറിറ്റിയുടെ പരിശോധനാ സംഘങ്ങൾ കശാപ്പുശാലകളിൽ തീവ്രമായ ഫീൽഡ് വിസിറ്റുകൾ നടത്തിവരികയാണെന്ന് കശാപ്പുശാലാ വകുപ്പ് ഡയറക്ടറും അതോറിറ്റി വക്താവുമായ മുഹമ്മദ് അൽ സലേം പറഞ്ഞു.നിലവിൽ രാജ്യം നേരിടുന്ന അസാധാരണ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, കശാപ്പുശാലകൾ അംഗീകൃത ആരോഗ്യ-സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചാണോ പ്രവർത്തിക്കുന്നതെന്ന് അതോറിറ്റി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കശാപ്പുശാലകളുടെ സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിനും പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിനുമായാണ് ഈ സന്ദർശനങ്ങൾ നടത്തുന്നതെന്ന് അൽ സലേം വിശദീകരിച്ചു. പ്രവർത്തന നടപടിക്രമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലൂടെ വിപണിയിൽ സുരക്ഷിതമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയാണ് അതോറിറ്റിയുടെ ലക്ഷ്യം.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി അതോറിറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂറും നീളുന്ന നിരീക്ഷണ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനും വിപണിയിലെ മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനും അതോറിറ്റി നിതാന്ത ജാഗ്രത പുലർത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
