കുവൈറ്റ് സിറ്റി: രാജ്യത്ത് കടുത്ത ഉഷ്ണതരംഗം തുടരുന്ന പശ്ചാത്തലത്തിൽ വൈദ്യുതി ഉപഭോഗ സൂചിക റെക്കോർഡ് നിലയിലെത്തിയതോടെ കുവൈറ്റ് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അതീവ ജാഗ്രതയിൽ. ബുധൻ, വ്യാഴം ദിവസങ്ങളിൽ ചൂട് വീണ്ടും വർദ്ധിക്കുമെന്ന മുന്നറിയിപ്പുള്ളതിനാലാണ് മന്ത്രാലയം പ്രതിസന്ധി നേരിടാൻ കർശന സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.താപനില 51 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടർന്ന് വരും ദിവസങ്ങളിലും വൈദ്യുതി ഉപഭോഗ നിരക്ക് കുത്തനെ ഉയരുമെന്ന് മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ഭൂരിഭാഗം വൈദ്യുതി ഉത്പാദന യൂണിറ്റുകളെയും വാട്ടർ ഡിസാലിനേഷൻ പ്ലാന്റുകളെയും ഇതിനകം തന്നെ പൂർണ്ണ സജ്ജമാക്കി പ്രവർത്തനസജ്ജമാക്കാൻ മന്ത്രാലയത്തിന് സാധിച്ചിട്ടുണ്ട്. ആഭ്യന്തര ഉത്പാദനത്തിന് പുറമെ, ഗൾഫ് കോപ്പറേഷൻ കൗൺസിൽ ശൃംഖലയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വൈദ്യുതിയും ഈ കടുത്ത ഉഷ്ണതരംഗ പ്രതിസന്ധി മറികടക്കാൻ കുവൈറ്റിനെ വലിയ തോതിൽ സഹായിക്കുന്നുണ്ട്. രാജ്യത്തെ വൈദ്യുതി ശൃംഖലയുടെ സ്ഥിരത നിലനിർത്തുന്നതിനും ലോഡ് മാനേജ്‌മെന്റ് കൃത്യമായി നിയന്ത്രിക്കുന്നതിനും മന്ത്രാലയത്തിലെ മുഴുവൻ ഉദ്യോഗസ്ഥരും ജീവനക്കാരും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജരായി രംഗത്തുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു.



