കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആറ് ഗവർണറേറ്റുകളിലുമായി ആഭ്യന്തര മന്ത്രാലയം വൻതോതിലുള്ള സുരക്ഷാ വിന്യാസം പൂർത്തിയാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ സുരക്ഷാ വിഭാഗങ്ങളിൽ നിന്നായി ഏകദേശം 600 പട്രോൾ സംഘങ്ങളെയാണ് പ്രധാന റോഡുകളിലും കവലകളിലും നിയോഗിച്ചിരിക്കുന്നത്. ഏത് അടിയന്തര സാഹചര്യത്തിലും ദ്രുതഗതിയിലുള്ള പ്രതികരണം ഉറപ്പാക്കാനും സുരക്ഷാ സാന്നിധ്യം വർദ്ധിപ്പിക്കാനുമാണ് ഈ നടപടി.ഫെബ്രുവരി 28 മുതൽ ഏപ്രിൽ 5 വരെയുള്ള കാലയളവിൽ അടിയന്തര പോലീസ് വിഭാഗം 1,970-ഓളം വിവിധ റിപ്പോർട്ടുകളാണ് കൈകാര്യം ചെയ്തത്. ഇതിൽ ഭൂരിഭാഗവും ഡ്രോണുകളുമായി ബന്ധപ്പെട്ടവയായിരുന്നു. ഡ്രോണുകളെ കുറിച്ച് 1,141 പരാതികളും സ്ഫോടന ശബ്ദം കേട്ടതായി 388 പരാതികളും ലഭിച്ചു. സംശയാസ്പദമായ അന്യവസ്തുക്കളെക്കുറിച്ച് ലഭിച്ച 375 പരാതികളിൽ പോലീസ് നടപടി സ്വീകരിക്കുകയും ഷെൽ കഷണങ്ങൾ വീണ സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു.
കൂടാതെ അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലകളിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട 66 വ്യക്തികളെക്കുറിച്ചുള്ള റിപ്പോർട്ടുകളും പരിശോധിച്ചു.സെൻട്രൽ ഓപ്പറേഷൻ റൂമിലെ ഹോട്ട്ലൈൻ നമ്പറായ 112-ലേക്ക് ഇതേ കാലയളവിൽ 6,571 പരാതികളാണ് പ്രവഹിച്ചത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം 1,664 ഫീൽഡ് പോസ്റ്റുകൾ സ്ഥാപിക്കുകയും തന്ത്രപ്രധാനമായ ഇടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ 117 പ്രത്യേക സേവന ഉത്തരവുകൾ നടപ്പിലാക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ സമാധാനാന്തരീക്ഷം നിലനിർത്താൻ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത തുടരുമെന്നും സുരക്ഷാ വിഭാഗം വ്യക്തമാക്കി.
