കുവൈറ്റ് സിറ്റി: ടിക്കറ്റ് തുക തുല്യമായ നാല് തവണകളായി പലിശയോ മറ്റ് അധിക നിരക്കുകളോ ഇല്ലാതെ അടച്ചുതീർക്കാനുള്ള പുത്തൻ പേയ്‌മെന്റ് സംവിധാനവുമായി കുവൈറ്റ് എയർവേയ്‌സ്. പ്രമുഖ ധനകാര്യ സേവന കമ്പനിയായ ടാലി ഡിഫേർഡ് പേയ്‌മെന്റുമായി ചേർന്നാണ് കുവൈറ്റ് എയർവേയ്‌സ് ഈ തന്ത്രപ്രധാനമായ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചത്. വരുന്ന ഓഗസ്റ്റ് ഒന്നാം തീയതി മുതൽ യാത്രക്കാർക്ക് ഈ ആനുകൂല്യം ലഭ്യമായിത്തുടങ്ങും.
പുതിയ കരാർ പ്രകാരം യാത്രക്കാർക്ക് ടിക്കറ്റ് തുക പിന്നീട് പലിശരഹിത തവണകളായി അടച്ചുതീർക്കാനുള്ള സൗകര്യത്തിന് പുറമെ, ഒയാസിസ് ക്ലബ് മൈലുകൾ വാങ്ങുന്നതിനും ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് കുവൈറ്റ് എയർവേയ്‌സ് ആക്ടിംഗ് സി.ഇ.ഒ അബ്ദുൾ വഹാബ് അൽ ഷാത്തി കുവൈറ്റ് ന്യൂസ് ഏജൻസിയോട് പറഞ്ഞു. കൂടാതെ കുവൈറ്റ് എയർവേയ്‌സ് ഹോളിഡേയ്‌സ് പാക്കേജുകൾക്കും മറ്റ് അനുബന്ധ സേവനങ്ങൾക്കും ഈ സാമ്പത്തിക ആനുകൂല്യം ലഭ്യമായിരിക്കും.ആദ്യ ഘട്ടത്തിൽ കുവൈറ്റ് എയർവേയ്‌സിന്റെ സെയിൽസ് ഓഫീസുകൾ വഴിയും 171 എന്ന കോൾ സെന്റർ നമ്പറിലൂടെയും മാത്രമായിരിക്കും ഈ സേവനം ലഭ്യമാകുകയെന്ന് അൽ ഷാത്തി വ്യക്തമാക്കി.
എന്നാൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റും മൊബൈൽ ആപ്ലിക്കേഷനും വഴി നേരിട്ട് ടിക്കറ്റുകൾ തവണകളായി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈറ്റ് എയർവേയ്‌സും ടാലിയും തമ്മിലുള്ള ഇത്തരത്തിലുള്ള ആദ്യത്തെ പങ്കാളിത്തമാണിത്. തങ്ങളുടെ ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് നൂതനമായ പേയ്‌മെന്റ് രീതികൾ അവതരിപ്പിക്കുന്നതിനുമുള്ള ദേശീയ വിമാനക്കമ്പനിയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ നടപടി. ടിക്കറ്റ് ബുക്കിംഗ് മുതലുള്ള യാത്രാനുഭവം കൂടുതൽ ലളിതവും ആശ്വാസകരവുമാക്കാൻ ഈ പുതിയ പദ്ധതി സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.



