കുവൈത്ത് സിറ്റി: രാജ്യത്ത് ഡെലിവറി കാറുകളും മോട്ടോർസൈക്കിളുകളും കേന്ദ്രീകരിച്ച് ഒക്ടോബർ 18 ഞായറാഴ്ച മുതൽ കർശനമായ ഗതാഗത പരിശോധനാ ക്യാമ്പയിനുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തുന്ന വാഹനങ്ങൾ കുറഞ്ഞത് 60 ദിവസത്തേക്ക് (രണ്ട് മാസം) പിടിച്ചെടുക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ട്രാഫിക് അവേർനസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ ഫഹദ് അൽ-ഇസ്സ വ്യക്തമാക്കി. അപകടകരമായ ഡ്രൈവിംഗ് രീതികൾ തടയുക, ഗതാഗത നിയമങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുക, റോഡ് സുരക്ഷ വർദ്ധിപ്പിക്കുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഡ്രൈവർമാരെ മാത്രമല്ല, ജീവനക്കാർക്കിടയിൽ ബോധവൽക്കരണം നൽകാനും നിയമലംഘനങ്ങൾ കുറയ്ക്കാനും ട്രാഫിക് വകുപ്പുമായി സഹകരിക്കാത്ത ഡെലിവറി കമ്പനികളെയും കർശന നടപടികൾക്ക് വിധേയമാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജീവനക്കാരുടെ ഭാഗത്തുനിന്ന് നിരന്തരം നിയമലംഘനങ്ങൾ ഉണ്ടാവുകയും കമ്പനി മാനേജ്മെന്റ് സഹകരിക്കാതിരിക്കുകയും ചെയ്താൽ ആ സ്ഥാപനങ്ങൾക്കെതിരെ കർശന ഭരണപരമായ നടപടികൾ സ്വീകരിക്കും.സിഗ്നൽ നൽകാതെ വരികൾ മാറുന്നത്, റെഡ് സിഗ്നൽ മറികടക്കുന്നത്, ട്രാഫിക് സിഗ്നലുകളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ മറികടന്നു പോകുന്നത്, നടപ്പാതകളിലൂടെയും കാൽനട പാലങ്ങളിലൂടെയും വാഹനം ഓടിക്കുന്നത് തുടങ്ങിയ ഗുരുതരമായ ലംഘനങ്ങളാണ് ഡെലിവറി ഡ്രൈവർമാർക്കിടയിൽ കൂടുതലായി കണ്ടുവരുന്നത്. ഇത്തരം പ്രവൃത്തികൾ കാൽനടയാത്രക്കാർക്കും മറ്റ് റോഡ് ഉപയോക്താക്കൾക്കും കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ സഹിതം ഡെലിവറി കമ്പനി പ്രതിനിധികളുമായി ട്രാഫിക് വകുപ്പ് ഇതിനോടകം യോഗങ്ങൾ ചേർന്നിട്ടുണ്ട്. സുരക്ഷിതമായി വാഹനം ഓടിക്കുന്നതിനെക്കുറിച്ചും റോഡിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും ജീവനക്കാർക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡെലിവറി മോട്ടോർസൈക്കിളുകൾ സഞ്ചരിക്കാൻ അനുവാദമില്ലാത്ത പ്രത്യേക പാതകൾ നിശ്ചയിച്ചിട്ടുണ്ടെന്നും, നിയുക്ത വഴികളിലൂടെ മാത്രം സഞ്ചരിക്കാൻ റൈഡർമാർ തയ്യാറാകണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
റോഡിലെ സാഹചര്യം നിരീക്ഷിക്കാനും ഗതാഗത ലംഘനങ്ങൾ കണ്ടെത്താനും സെൻട്രൽ കൺട്രോൾ റൂമിന്റെ നേതൃത്വത്തിൽ മുന്നൂറിലധികം അത്യാധുനിക ക്യാമറകൾ പ്രവർത്തിക്കുന്നുണ്ട്. ഫീൽഡ് പരിശോധനകൾക്ക് പുറമെ ഈ നിരീക്ഷണ സംവിധാനങ്ങളും അപകടകരമായ ഡ്രൈവിംഗ് രീതികൾ തടയാൻ കർശനമായി ഉപയോഗിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.



