കുവൈത്ത് സിറ്റി: രാജ്യത്ത് ലഹരിമരുന്ന് വ്യാപാരത്തിനെതിരെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ ശക്തമായ നടപടികൾ തുടരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ വിവിധ പരിശോധനകളിൽ ലഹരി വസ്തുക്കളും മാനസികാവസ്ഥയെ ബാധിക്കുന്ന സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ആറ് പ്രതികളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കും വ്യക്തിഗത ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന ലഹരിവസ്തുക്കളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
നാല് വ്യത്യസ്ത കേസുകളിലായാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്ന് ആയിരം ഗ്രാം കഞ്ചാവ്, 360 ഗ്രാം ക്രിസ്റ്റൽ മെത്ത്, 170 ഗ്രാം കഞ്ചാവ് (ഹാഷിഷ്), 150 ഗ്രാം കൊക്കെയ്ൻ, ഒരു ലിറ്റർ രാസവസ്തു (കെമിക്കൽ ലിക്വിഡ്), നിശ്ചിത അളവിലുള്ള രാസ ഇലകൾ എന്നിവ കണ്ടെടുത്തു. കൂടാതെ ലഹരിവസ്തുക്കൾ അളന്നു തിട്ടപ്പെടുത്താൻ ഉപയോഗിച്ചിരുന്ന നാല് സെൻസിറ്റീവ് സ്കെയിലുകൾ, പാക്കറ്റുകളിലാക്കാൻ തയ്യാറാക്കി വെച്ചിരുന്ന ഒഴിഞ്ഞ കൂടുകൾ, ലഹരി വിൽപ്പനയിലൂടെ ലഭിച്ച പണം എന്നിവയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
പിടിയിലായ പ്രതികളെയും പിടിച്ചെടുത്ത തൊണ്ടിമുതലുകളും മേലിൽ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയതായി അധികൃതർ വ്യക്തമാക്കി. ലഹരി മാഫിയകൾക്കെതിരെയുള്ള പരിശോധനകളും ശക്തമായ സുരക്ഷാ നടപടികളും രാജ്യത്തുടനീളം കർശനമായി തുടരുമെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.



