കുവൈത്ത്സിറ്റി: ഡ്രൈവിംഗ് വേളയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വലിയൊരു ഗതാഗത പ്രശ്നമാണെന്നും ഇത് ദാരുണമായ അപകടങ്ങൾക്ക് കാരണമാകുമെന്നും മുന്നറിയിപ്പ്. കുട്ടികളെ കൃത്യസമയത്ത് സ്കൂളുകളിൽ എത്തിക്കാനുള്ള തിടുക്കത്തിൽ മാതാപിതാക്കൾ റോഡിൽ നിന്ന് ശ്രദ്ധ തിരിക്കുന്നത് വലിയ വില നൽകേണ്ടിവരുന്ന അബദ്ധമാണെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു. ഫോൺ കോളുകൾക്കോ സന്ദേശങ്ങൾ അയക്കുന്നതിനോ സോഷ്യൽ മീഡിയ ബ്രൗസ് ചെയ്യുന്നതിനോ വേണ്ടി ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിക്കുന്നത് ഒരു നിമിഷത്തെ ശ്രദ്ധക്കുറവ് മൂലം വലിയ അപകടങ്ങളിലേക്ക് നയിച്ചേക്കാം. ഡ്രൈവർക്കും യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും മറ്റ് റോഡ് ഉപയോക്താക്കൾക്കും ഇത് കടുത്ത അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്.
കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള അഞ്ച് മാസത്തിനിടയിൽ രാജ്യത്ത് രജിസ്റ്റർ ചെയ്ത മൊത്തം ഗതാഗത ലംഘനങ്ങളുടെ കണക്കുകൾ ‘അൽ-റായ്’ പുറത്തുവിട്ടു. ഈ കാലയളവിൽ ആകെ 1,118,668 ട്രാഫിക് ലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. ഇതിൽ ഡ്രൈവിംഗിനിടെ കയ്യിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ലംഘനങ്ങൾ മാത്രം 94,945 വരുമെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
അതേസമയം, പുതിയ ട്രാഫിക് നിയമഭേദഗതികളും കർശന ശിക്ഷാ നടപടികളും നടപ്പിലാക്കിയതിന് ശേഷം നല്ല സൂചകങ്ങളാണ് പുറത്തുവരുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ട്രാഫിക് അവേർനസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ ഫഹദ് അൽ-ഇസ്സ വ്യക്തമാക്കി. 2024-ന്റെ ആദ്യ പകുപ്പുമായി താരതമ്യം ചെയ്യുമ്പോൾ, 2025-ന്റെ ആദ്യ പകുപ്പിൽ വാഹനാപകടങ്ങളിൽ 45 ശതമാനത്തിന്റെയും അതുവഴിയുള്ള മരണങ്ങളിൽ 34 ശതമാനത്തിന്റെയും കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതിനു ശേഷമുള്ള കാലയളവിൽ അമിതവേഗത, റെഡ് സിഗ്നൽ മറികടക്കൽ തുടങ്ങിയ നിയമലംഘനങ്ങളിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്.
ശിക്ഷിക്കുക എന്നത് മാത്രല്ല നിയമത്തിന്റെ ലക്ഷ്യമെന്നും, മറിച്ച് ജീവനും സ്വത്തുക്കളും സംരക്ഷിക്കുക, നിയമപാലനം ഉറപ്പാക്കുക, റോഡുകൾ എല്ലാ ഉപയോക്താക്കൾക്കും സുരക്ഷിതവും അച്ചടക്കമുള്ളതുമായ ഇടമാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കേണൽ അൽ-ഇസ്സ കൂട്ടിച്ചേർത്തു.



