വിഷു ദിനത്തിൽ വിഷുക്കണി ദർശനത്തിനായി ശബരിമല നട പുലർച്ചെ നാലിന് തുറക്കും. ഭക്തർക്ക് കണി കാണുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. ഏഴുമണിക്ക് ശേഷം അഭിഷേകവും ഉഷപൂജയും നടക്കും. രാവിലെ എട്ടുമുതൽ 11 വരെ നെയ്യഭിഷേകം ഉണ്ടാകും. ഇന്നത്തെ പൂജകൾക്ക് ശേഷം നട അടയ്ക്കുന്നതിന് മുമ്പ് മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയും കീഴ്‌ശാന്തിയും പരികർമികളും ചേർന്ന് കണിയൊരുക്കും. മാളികപ്പുറത്തും പമ്പ ഗണപതി കോവിലിലും വിഷുക്കണി ഒരുക്കും.
ഏപ്രിൽ 17ന് സഹസ്ര കലശ പൂജയും 18ന് സഹസ്ര കലശാഭിഷേകവും നടക്കും. വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി 18ന് രാത്രി 10ന് നട അടയ്ക്കും. വിഷുവിനും മേടമാസ പൂജകൾക്കും അനുബന്ധിച്ച് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്വൽ ക്യൂ വെബ്സൈറ്റ് വഴി ദർശനത്തിനുള്ള സ്ലോട്ട് ഉറപ്പാക്കണം. വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധമാണ്. മേടവിഷു ദർശനത്തിനുള്ള വലിയ തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ പൊലീസുകാരെ ഉൾപ്പെടുത്തി വിപുലമായ ക്രമീകരണങ്ങളാണ് പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും ഒരുക്കുന്നത്. തീർഥാടകർക്ക് ആവശ്യമായ കുടിവെള്ളം, വൈദ്യസഹായം എന്നിവ ലഭ്യമാക്കാൻ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുണ്ട്.
തീർഥാടകർക്ക് യാത്ര സുഗമമാക്കാൻ കെഎസ്‌ആര്‍ടിസി പമ്പയിൽ താത്കാലിക ഡിപ്പോ തുടങ്ങി. കൂടാതെ പമ്പ, നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനായി 76 ബസുകളും എത്തിച്ചു. തിരുവനന്തപുരം, കുമളി, പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പമ്പയിലേക്ക് പ്രത്യേക സര്‍വീസുകളും ആരംഭിച്ചു. മണ്ഡല, മകരവിളക്ക് തീർഥാടനം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അയ്യപ്പ ഭക്തർ ശബരിമല ദർശനത്തിന് എത്തുന്നത് വിഷുവിനാണ്. ഇത് കണക്കിലെടുത്താണ് യാത്രാക്ലേശം ഒഴിവാക്കുന്നതിനായി കൂടുതൽ ബസുകൾ നിരത്തിലിറക്കിയത്.
