കുവൈറ്റ് സിറ്റി: കുവൈറ്റിലെ അൽ-ഹാജിൻ മേഖലയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സംയുക്ത പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17 പേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
രാജ്യത്ത് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെയും സർക്കാർ ഭൂമി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന്റെയും ഭാഗമായാണ് പരിശോധന ശക്തമാക്കിയത്. സെക്യൂരിറ്റി ഡയറക്ടറേറ്റ്സ് ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ്, പബ്ലിക് അതോറിറ്റി ഫോർ യൂത്ത്, സ്പോർട്സ് കമ്മിറ്റി എന്നിവയുമായി സഹകരിച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈ ഫീൽഡ് ഓപ്പറേഷൻ നടത്തിയത്.പിടിയിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച ശേഷം ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധനയിൽ നിയമപരമായി അനുവദിച്ച കാര്യങ്ങൾക്കല്ലാതെ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ച നാല് ഭൂമി വാടകച്ചീട്ടുകളും അധികൃതർ കണ്ടെത്തി നിയമലംഘനം രേഖപ്പെടുത്തി.
കൃത്യമായ അനുമതിയില്ലാതെ ഇത്തരം സ്ഥലങ്ങൾ തടി വ്യവസായ ശാലകൾ, ഫാക്ടറികൾ, കല്യാണ ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണുകൾ, തൊഴിലാളികൾക്ക് താമസിക്കാനായുള്ള ചെറിയ മുറികൾ എന്നിവയാക്കി മാറ്റി ഉപയോഗിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

