കുവൈറ്റ് സിറ്റി: രാജ്യത്ത് താപനിലയിൽ രണ്ട് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ കുറവ് രേഖപ്പെടുത്തിയതായി പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ അറിയിച്ചു. തിങ്കൾ, ചൊവ്വാ ദിവസങ്ങളിലും ഈ താഴ്ന്ന താപനില തുടരുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഈ മാറ്റം താൽക്കാലികം മാത്രമാണെന്നും രാത്രികാലങ്ങളിൽ, പ്രത്യേകിച്ച് മരുഭൂമി പ്രദേശങ്ങളിൽ സാധാരണമായ കാലാവസ്ഥ അനുഭവപ്പെടുമെന്നും അദ്ദേഹം വിശദീകരിച്ചു.
വരുന്ന ജൂൺ മാസത്തിന്റെ തുടക്കത്തോടെ ഔദ്യോഗികമായി വേനൽക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി, ഈ ആഴ്ചയുടെ അവസാനത്തോടെ താപനില വീണ്ടും ഉയരാൻ തുടങ്ങും. പകൽ സമയങ്ങളിൽ ചൂട് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നും താപനിലയിലെ ഈ ക്രമാനുഗതമായ വർദ്ധനവ് വരും ദിവസങ്ങളിലും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാദേശികമായി ‘ബാരിഹ്’ എന്നറിയപ്പെടുന്ന ശക്തമായ വരണ്ട വേനൽക്കാറ്റിന്റെ സീസൺ ആരംഭിച്ചതായും ഈസ റമദാൻ ചൂണ്ടിക്കാട്ടി. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള ഈ ‘ബാരിഹ്’ കാറ്റ് ചില സമയങ്ങളിൽ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ, ഇത് രാജ്യത്ത് പലയിടങ്ങളിലും ശക്തമായ പൊടിക്കാറ്റിനും മണൽക്കാറ്റിനും കാരണമായേക്കാമെന്നും അദ്ദേഹം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

