കുവൈറ്റ് സിറ്റി : കുവൈത്തിലേക്കും മറ്റ് ജിസിസി രാജ്യങ്ങളിലേക്കും എത്തുന്ന പ്രവാസി തൊഴിലാളികൾക്കായി നടപ്പാക്കുന്ന “വാഫിദ്” (Wafid) പദ്ധതിയുടെ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവദി അറിയിച്ചു. 2026 ലെ മന്ത്രാലയ ഉത്തരവ് നമ്പർ 139 പ്രകാരമാണ് പുതിയ നിയന്ത്രണങ്ങളും നടപടിക്രമങ്ങളും നടപ്പിലാക്കുന്നത്.ജിസിസി രാജ്യങ്ങളിലേക്കുള്ള പ്രവാസികളുടെ മെഡിക്കൽ പരിശോധന, ആരോഗ്യ യോഗ്യത, രോഗനിർണയം, ഡിജിറ്റൽ ഡാറ്റ മാനേജ്മെന്റ് എന്നിവ കൂടുതൽ കർശനവും ഏകോപിതവുമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുമായി ബന്ധപ്പെട്ട് 15 അധ്യായങ്ങളും 54 ആർട്ടിക്കിളുകളും ഉൾക്കൊള്ളുന്ന വിശദമായ ചട്ടാവലിയാണ് പുറത്തിറക്കിയത്.
ജിസിസി രാജ്യങ്ങളിലേക്ക് ജോലി, താമസം, സന്ദർശനം തുടങ്ങിയ ആവശ്യങ്ങൾക്കായി എത്തുന്ന എല്ലാ പ്രവാസികൾക്കും മെഡിക്കൽ പരിശോധന നിർബന്ധമാക്കും. പരിശോധനയിൽ ക്ലിനിക്കൽ പരിശോധന, ലാബ് ടെസ്റ്റുകൾ, എക്സ്-റേ പരിശോധനകൾ എന്നിവ ഉൾപ്പെടും. പ്രത്യേകിച്ച് സമൂഹാരോഗ്യത്തിന് ഭീഷണിയായേക്കാവുന്ന പകർച്ചവ്യാധികൾ, ആരോഗ്യപ്രശ്നങ്ങൾ, മാനസിക അസ്വാസ്ഥ്യങ്ങൾ എന്നിവ കണ്ടെത്തുന്നതിന് കൂടുതൽ ശ്രദ്ധ നൽകും.“വാഫിദ്” പദ്ധതിയുടെ ഭാഗമായി അംഗീകൃത മെഡിക്കൽ സെന്ററുകൾ വഴിയാകും പരിശോധനകൾ നടത്തുക. ജിസിസി ഹെൽത്ത് കൗൺസിൽ അംഗീകാരം നൽകിയ മെഡിക്കൽ സ്ഥാപനങ്ങൾക്കു മാത്രമേ പ്രവാസികളുടെ പരിശോധന നടത്താൻ അനുമതിയുണ്ടാകൂ. പരിശോധനാഫലങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ ജിസിസി രാജ്യങ്ങളിലെ ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി ബന്ധിപ്പിക്കും.
പദ്ധതി പ്രകാരം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ കാലാവധി രണ്ട് മാസം മാത്രമായിരിക്കും. വിസ ലഭിക്കാനോ വിസ പ്രോസസിംഗിനോ ഈ കാലയളവിനുള്ളിൽ സർട്ടിഫിക്കറ്റ് ഉപയോഗിക്കണം. വാക്സിനേഷൻ കാർഡ് നിർബന്ധമായും വാഫിദ് സിസ്റ്റത്തിൽ അപ്ലോഡ് ചെയ്യണമെന്നും ചട്ടത്തിൽ വ്യക്തമാക്കുന്നു.അംഗീകൃത മെഡിക്കൽ സ്ഥാപനങ്ങളിൽ അപ്രതീക്ഷിത പരിശോധനകൾ നടത്താനുള്ള അധികാരവും ഹെൽത്ത് കൗൺസിലിന് നൽകിയിട്ടുണ്ട്. ചട്ടലംഘനം നടത്തുന്ന മെഡിക്കൽ സ്ഥാപനങ്ങൾക്കെതിരെ പിഴ, അംഗീകാരം റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
പ്രവാസികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ജിസിസി രാജ്യങ്ങളുടെ ആരോഗ്യസുരക്ഷയും പൊതുജനാരോഗ്യവും സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. തൊഴിൽ നൽകുന്ന രാജ്യങ്ങളിലുടനീളം “വാഫിദ്” പദ്ധതിയുടെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കാനും ഡിജിറ്റൽ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും ഹെൽത്ത് കൗൺസിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

