കുവൈറ്റ് സിറ്റി: ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ സപ്പോർട്ട് പട്രോളിംഗ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ മയക്കുമരുന്ന് കൈവശം വെക്കുകയും വിതരണം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത രണ്ട് ഏഷ്യൻ വംശജരായ ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. സഹ്റ മേഖലയിലെ ഒരു പൊതു പാർക്കിംഗ് ഏരിയയിൽ മണലിൽ ഒളിപ്പിച്ചുവെച്ച ലഹരിമരുന്ന് പുറത്തെടുക്കുന്നതിനിടയിലാണ് ഇവർ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്.കഴിഞ്ഞ ദിവസം പ്രദേശത്ത് പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥർ, വിജനമായ മണൽപ്പരപ്പിൽ രണ്ട് പേർ സംശയാസ്പദമായ സാഹചര്യത്തിൽ മണ്ണ് തുരന്ന് എന്തോ പുറത്തെടുക്കുന്നത് ശ്രദ്ധിക്കുകയായിരുന്നു. പോലീസിനെ കണ്ട് ഭയന്ന പ്രതികൾ വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പിന്തുടർന്ന് അതിസാഹസികമായി പിടികൂടുകയായിരുന്നു.
തുടർന്ന് പ്രതികളെയും വാഹനത്തെയും വിശദമായി പരിശോധിച്ചപ്പോൾ മാരക ലഹരിമരുന്നായ മെത്താംഫെറ്റാമൈൻ (ഷാബു) അടങ്ങിയ 12 സുതാര്യമായ പ്ലാസ്റ്റിക് പൗച്ചുകൾ ഇവരിൽ നിന്ന് കണ്ടെടുത്തു. പിടിയിലായ രണ്ട് പ്രതികളും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും കുവൈറ്റിൽ ഡ്രൈവർമാരായി ജോലി നോക്കുന്നവരുമാണ്. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനം തങ്ങളിൽ ഒരാളുടെ സ്പോൺസറുടേതാണെന്നും എന്നാൽ സ്പോൺസറിന് ഇവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നുവെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

