HomeGULFസ്പോൺസറുടെ അനുമതിയില്ലാതെ വിസ മാറ്റാം; ശമ്പളം നൽകാത്ത കമ്പനിക്കെതിരെ കുവൈറ്റ് ലേബർ കോടതിയുടെ മാതൃകാപരമായ വിധി

സ്പോൺസറുടെ അനുമതിയില്ലാതെ വിസ മാറ്റാം; ശമ്പളം നൽകാത്ത കമ്പനിക്കെതിരെ കുവൈറ്റ് ലേബർ കോടതിയുടെ മാതൃകാപരമായ വിധി

spot_img

കുവൈറ്റ് സിറ്റി: പ്രവാസി തൊഴിലാളിക്ക് അനുകൂലമായി കുവൈറ്റ് ലേബർ കോടതിയുടെ വിപ്ലവാത്മകമായ വിധി. കഴിഞ്ഞ ആറ് മാസമായി തുടർച്ചയായി ശമ്പളം മുടക്കിയ സ്വകാര്യ കമ്പനിയോട്, തൊഴിലാളിയുടെ നിലവിലെ റെസിഡൻസി പെർമിറ്റ് (ഇഖാമ) റദ്ദാക്കാനും നിലവിലെ സ്പോൺസറുടെ യാതൊരുവിധ അനുമതിയും കൂടാതെ മറ്റൊരു തൊഴിലുടമയിലേക്ക് വിസ മാറ്റാൻ സൗകര്യം ഒരുക്കാനും കോടതി ഉത്തരവിട്ടു. ഇതിന് പുറമെ, തൊഴിലാളിക്ക് ലഭിക്കാനുള്ള മുഴുവൻ കുടിശ്ശിക ശമ്പളവും അധിക സമയ ജോലിക്കുള്ള നഷ്ടപരിഹാരവും കമ്പനി ഉടനടി നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

കഴിഞ്ഞ നാല് വർഷമായി താൻ ഈ കമ്പനിയിൽ ജോലി ചെയ്തു വരികയാണെന്ന് കാണിച്ച് തൊഴിലാളി നൽകിയ പരാതിയിലാണ് കോടതിയുടെ ഈ സുപ്രധാന ഇടപെടൽ. കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്പനി ശമ്പളം നൽകാത്തതിനെത്തുടർന്ന് താൻ കടുത്ത ജീവിത പ്രതിസന്ധിയിലായെന്നും, നിത്യനിദാന ചെലവുകൾക്കായി സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പണം കടം വാങ്ങേണ്ടി വന്നതായും തൊഴിലാളി കോടതിയെ ബോധിപ്പിച്ചു. ശമ്പള കുടിശ്ശിക തീർക്കണമെന്ന് കമ്പനിയോട് പലതവണ ആവശ്യപ്പെട്ടെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല. തുടർന്നാണ്, ശമ്പളം വൈകുന്ന സാഹചര്യത്തിൽ വിസ മാറ്റാൻ അനുമതി നൽകുന്ന പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നിയമപ്രകാരം ഇയാൾ വിസ മാറ്റത്തിനായി അപേക്ഷ നൽകിയത്.

താൻ നിയമപരമായി കുടിശ്ശിക ആവശ്യപ്പെട്ടതിന് പിന്നാലെ കമ്പനി തനിക്കെതിരെ വ്യാജമായി ഒളിച്ചോടി എന്ന റിപ്പോർട്ട് ഫയൽ ചെയ്തതായി തൊഴിലാളി കോടതിയിൽ വ്യക്തമാക്കി. കമ്പനിയുടെ ബിസിനസ്സ് രഹസ്യങ്ങൾ അറിയാവുന്നതിനാൽ എതിരാളികളായ മറ്റ് കമ്പനികളിൽ ജോലിക്ക് കയറാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി വിസ മാറ്റത്തെ എതിർത്തത്.

എന്നാൽ, തന്റെ തൊഴിൽ കരാർ, ശമ്പളം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, ലേബർ പരാതിയുടെ പകർപ്പുകൾ, കമ്പനിയുമായി നടത്തിയ ആശയവിനിമയങ്ങൾ എന്നിവ തൊഴിലാളി കൃത്യമായി കോടതിയിൽ ഹാജരാക്കി. രേഖകൾ പരിശോധിച്ച കോടതി കമ്പനിയുടെ വാദങ്ങൾ തള്ളുകയും തൊഴിലാളിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് വിധി പുറപ്പെടുവിക്കുകയുമായിരുന്നു. സ്പോൺസർമാരുടെ ചൂഷണത്തിന് ഇരയാകുന്ന ആയിരക്കണക്കിന് പ്രവാസി തൊഴിലാളികൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് ഈ കോടതി വിധി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!