കുവൈത്ത്സിറ്റി: വേനൽക്കാലം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ വീടുകൾക്കുള്ളിൽ ആവശ്യമായ അഗ്നിസുരക്ഷാ മാനദണ്ഡങ്ങളും മുൻകരുതലുകളും കർശനമായി പാലിക്കണമെന്ന് കുവൈറ്റ് ജനറൽ ഫയർ ഫോഴ്സ് സ്വദേശികളോടും വിദേശികളോടും അഭ്യർത്ഥിച്ചു. കുട്ടികളുടെ പെരുമാറ്റം പ്രത്യേകം നിരീക്ഷിക്കണമെന്നും തീ, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സാമഗ്രികൾ ഉപയോഗിച്ച് കുട്ടികൾ കളിക്കുന്നില്ലെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ഫയർ ഫോഴ്സ് പിആർഒയും ഔദ്യോഗിക വക്താവുമായ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്അ.
പകടങ്ങൾ ഒഴിവാക്കുന്നതിനുള്ള ആദ്യപടി കുടുംബങ്ങളിൽ നിന്നുള്ള ബോധവൽക്കരണമാണെന്ന് ബ്രിഗേഡിയർ അൽ ഗരീബ് ചൂണ്ടിക്കാട്ടി. ലൈറ്ററുകൾ, തീപ്പെട്ടികൾ, എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ള മറ്റ് വസ്തുക്കൾ എന്നിവ കുട്ടികൾക്ക് കൈയെത്താത്ത ദൂരത്ത് സൂക്ഷിക്കണം. കൂടാതെ ഹീറ്ററുകൾ, മറ്റ് അടുക്കള ഉപകരണങ്ങൾ പോലുള്ള വൈദ്യുത-താപ സ്രോതസ്സുകളുള്ള സ്ഥലങ്ങളിൽ കുട്ടികളെ മുതിർന്നവരുടെ മേൽനോട്ടമില്ലാതെ വിടരുത്.
വൈദ്യുത കണക്ഷനുകളിൽ അമിതഭാരം നൽകുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും അദ്ദേഹം ശക്തമായി മുന്നറിയിപ്പ് നൽകി. ഗുണനിലവാരമില്ലാത്ത എക്സ്റ്റൻഷൻ ബോർഡുകളും കണക്ഷനുകളും ഉപയോഗിക്കരുത്. എയർകണ്ടീഷണർ, റഫ്രിജറേറ്റർ തുടങ്ങിയ ഉയർന്ന അളവിൽ വൈദ്യുതി ഉപയോഗിക്കുന്ന ഒന്നിലധികം ഉപകരണങ്ങൾ ഒരൊറ്റ സോക്കറ്റിൽ പ്രവർത്തിപ്പിക്കുന്നത് ഷോർട്ട് സർക്യൂട്ടിനും തുടർന്ന് വൻ തീപിടുത്തങ്ങൾക്കും കാരണമായേക്കാമെന്നും ഫയർ ഫോഴ്സ് വക്താവ് ഓർമ്മിപ്പിച്ചു.

