കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ-1 വീണ്ടും പ്രവർത്തനസജ്ജമാക്കിയത്, രാജ്യത്തെ ഈ ഏറ്റവും പ്രധാനപ്പെട്ട പൊതുസേവന കേന്ദ്രത്തെ പൂർണ്ണമായ തോതിൽ പ്രവർത്തനത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള നിർണായക ചുവടുവെപ്പാണെന്ന് കുവൈറ്റ് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹ്. കഴിഞ്ഞ മാർച്ച് മാസത്തിന്റെ തുടക്കത്തിലുണ്ടായ ക്രൂരമായ ഇറാൻ വ്യോമാക്രമണത്തിലാണ് ടെർമിനൽ കെട്ടിടത്തിന് വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചത്.
വിമാനത്താവളത്തിലെ പുനർനിർമ്മാണ വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നടത്തിയ പ്രത്യേക സന്ദർശനത്തിന് ശേഷമാണ് ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. പ്രതിരോധ മന്ത്രി ശൈഖ് അബ്ദുള്ള അലി അബ്ദുള്ള അൽ-സാലം അൽ-സബാഹ്, സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി ചെയർമാൻ ശൈഖ് ഹമൂദ് മുബാറക് അൽ-ഹമൂദ് അൽ-സബാഹ് എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ആക്രമണത്തെത്തുടർന്നുണ്ടായ കടുത്ത പ്രതിസന്ധികളെയും തടസ്സങ്ങളെയും അതിജീവിച്ച്, റെക്കോർഡ് വേഗതയിൽ ടെർമിനൽ കെട്ടിടത്തിന്റെ പുനരധിവാസം പൂർത്തിയാക്കാൻ മുൻകൈ എടുത്ത കുവൈറ്റിന്റെ തദ്ദേശീയരായ വിദഗ്ധരെയും വിവിധ വർക്കിംഗ് ഗ്രൂപ്പുകളെയും പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. അടിയന്തിര സാഹചര്യത്തിൽ അവർ പ്രകടിപ്പിച്ച ഉയർന്ന കാര്യക്ഷമതയും ഉത്തരവാദിത്തബോധവും പ്രശംസനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സന്ദർശന വേളയിൽ, തകർന്ന ഭാഗങ്ങളുടെ അറ്റകുറ്റപ്പണികൾ, ആധുനിക രീതിയിലുള്ള വികസന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് വിശദമായ വിശദീകരണം നൽകി. രണ്ട് മാസത്തോളമായി തുടരുന്ന യാത്രാ നിയന്ത്രണങ്ങൾക്ക് ഇതോടെ വലിയ ആശ്വാസമാകും.

