എബോള രോഗബാധയുമായി ബന്ധപ്പെട്ട ആരോഗ്യ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്കേർപ്പെടുത്തി യുഎഇ. അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് യുഎഇ വിദേശകാര്യ മന്ത്രാലയം വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ ഈ രാജ്യങ്ങളിൽ കഴിയുന്ന പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക അധികാരികൾ പുറപ്പെടുവിക്കുന്ന ആരോഗ്യ-സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പിന്തുടരണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. കൂടാതെ, മന്ത്രാലയത്തിന്റെ “ഐ ആം ഹിയർ” (I’m Here) സർവീസിൽ രജിസ്റ്റർ ചെയ്യാനും അടിയന്തര ഘട്ടങ്ങളിൽ മന്ത്രാലയവുമായി ബന്ധപ്പെടാനും യുഎഇ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ എബോള ഉൾപ്പെടെയുള്ള ആരോഗ്യ രംഗത്തെ വെല്ലുവിളികളെ നേരിടാൻ രാജ്യം.
നേരത്തെ ബഹ്റൈനും എബോള വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദേശ സഞ്ചാരികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. മേയ് 19 മുതൽ പ്രാബല്യത്തിൽ വന്ന ഈ വിലക്ക് 30 ദിവസത്തേക്ക് തുടരുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. പിന്നാലെ ജോർദാനും ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.

