കുവൈത്ത് സിറ്റി: ഡെലിവറി മേഖലയിലെ കമ്മീഷനുകൾക്കും നിരക്കുകൾക്കും പരിധി നിശ്ചയിച്ചുകൊണ്ടുള്ള പുതിയ സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി കുവൈത്തിലെ ഇരുനൂറ്റി അൻപതിലധികം വരുന്ന ഡെലിവറി കമ്പനികൾ രംഗത്ത്. ചെറുകിട-ഇടത്തരം സംരംഭക മേഖലയ്ക്ക് കീഴിലുള്ള ഡെലിവറി കമ്പനി ഉടമകളുടെ കൂട്ടായ്മയാണ് വാണിജ്യ വ്യവസായ മന്ത്രിക്ക് ഇത് സംബന്ധിച്ച് ഔദ്യോഗിക പരാതി സമർപ്പിച്ചത്.
സാമ്പത്തികമായും പ്രവർത്തനപരമായും ഈ തീരുമാനം ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് വ്യക്തമായ പഠനം നടത്തുന്നതുവരെ 109/2026 എന്ന പുതിയ മന്ത്രിതല ഉത്തരവ് താൽക്കാലികമായി നിർത്തിവെക്കണമെന്നും വിഷയം ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിക്കണമെന്നും കമ്പനികൾ ആവശ്യപ്പെട്ടു.ഈ മേഖലയിലെ പ്രധാന പങ്കാളികളായ തങ്ങളോട് ചർച്ച ചെയ്യാതെയാണ് മന്ത്രാലയം ഏകപക്ഷീയമായി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് കമ്പനികൾ ആരോപിക്കുന്നു. പുതിയ ഉത്തരവ് ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ, ഉപഭോക്താക്കൾ, വ്യാപാരികൾ എന്നിവർ തമ്മിലുള്ള ബന്ധത്തെ നിയന്ത്രിക്കുന്നതിലും നിരക്കുകൾ കുറയ്ക്കുന്നതിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
എന്നാൽ ജീവനക്കാരുടെ ശമ്പളം, താമസ സൗകര്യം, വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ, ഇന്ധനച്ചെലവ്, ലൈസൻസ് ഫീസുകൾ, വലിയ ബാങ്ക് വായ്പകൾ തുടങ്ങിയ വൻ സാമ്പത്തിക ബാധ്യതകൾ താങ്ങുന്ന ഡെലിവറി കമ്പനികളുടെ നിലനിൽപ്പിനെ ഇത് എങ്ങനെ ബാധിക്കുമെന്ന് സർക്കാർ കണക്കിലെടുത്തിട്ടില്ല. മുന്നൊരുക്കമില്ലാതെയുള്ള ഈ വരുമാന തകർച്ച കമ്പനികളുടെ സാമ്പത്തിക പ്രതിസന്ധിക്കും അടച്ചുപൂട്ടലിനും ഇടയാക്കുമെന്നും, ഇത് നിരവധി പേരുടെ തൊഴിൽ നഷ്ടത്തിനും ഈ മേഖലയിൽ വലിയ തുക നിക്ഷേപിച്ച സ്വദേശി പൗരന്മാരുടെ തകർച്ചയ്ക്കും കാരണമാകുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു.



