കുവൈത്ത്സിറ്റി: കഴിഞ്ഞ ആഴ്ച മത്സ്യബന്ധന സീസൺ ആരംഭിച്ചതുമുതൽ കുവൈറ്റിൽ ചെമ്മീൻ വിലയിൽ വൻ കുറവ്. വരവ് വർദ്ധിച്ചതും ഉപഭോക്താക്കളുടെ ശക്തമായ ആവശ്യകതയും പ്രാദേശിക വിപണികളിൽ വൻ ചലനമാണ് സൃഷ്ടിക്കുന്നത്. അൽ-കൂത്, ശർഖ് വിപണികളിലായി ഇന്ന് 840 കുട്ടയോളം ചെമ്മീനാണ് ലേലത്തിനെത്തിയത്. ഇതോടെ ലഭ്യമായ ചെമ്മീന്റെ അളവ് ഉയരുകയും വില ഗണ്യമായി താഴുകയും ചെയ്തു.
വലിപ്പവും ഗുണനിലവാരവും അനുസരിച്ച് ഒരു കുട്ട ചെമ്മീന് 40 മുതൽ 45 കുവൈറ്റി ദിനാർ വരെയാണ് ലേലത്തിൽ ലഭിച്ച വില. ദിനംപ്രതിയുള്ള മത്സ്യബന്ധന ബോട്ടുകളിൽ നിന്നുള്ള ചെമ്മീന്റെ വരവ് സീസണിന്റെ തുടക്കത്തെ അപേക്ഷിച്ച് വില കുറയാൻ കാരണമായതായി ഫിഷർമെൻസ് യൂണിയൻ മേധാവി അബ്ദുള്ള അൽ-സർഹീദ് പറഞ്ഞു. വരും ദിവസങ്ങളിൽ വരവ് ഇനിയും വർദ്ധിക്കുന്നതോടെ വില കൂടുതൽ സ്ഥിരത കൈവരിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. വില കുറഞ്ഞതോടെ സാധാരണക്കാരും കുടുംബങ്ങളും വൻതോതിൽ ഫ്രഷ് ചെമ്മീൻ വാങ്ങാൻ വിപണിയിലേക്ക് എത്തുന്നുണ്ട്.
അതേസമയം, ഉയർന്ന വില ആരോപിച്ചുകൊണ്ട് മത്സ്യം ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങളോട് പ്രതികരിച്ച അൽ-സർഹീദ്, ഇത്തരം പ്രചാരണങ്ങൾ വിപണിയിലെ യഥാർത്ഥ സാഹചര്യത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കി. മത്സ്യബന്ധനത്തിനുള്ള ചെലവും മത്സ്യത്തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികളും വില നിശ്ചയിക്കുമ്പോൾ പരിഗണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസങ്ങളിൽ മീൻ വില ഉയരാൻ പ്രധാന കാരണം മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കടൽമാർഗമുള്ള ഗതാഗതത്തിനും മത്സ്യബന്ധനത്തിനും ഉണ്ടായ നിയന്ത്രണങ്ങളും സമുദ്ര പാതകളിലെ തടസ്സങ്ങളും വിപണിയിലെത്തുന്ന മത്സ്യത്തിന്റെ അളവിനെ ബാധിച്ചിട്ടുണ്ട്. ഇത് കുവൈറ്റിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും സാമ്പത്തിക, ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കാരണം മേഖലയിലെയും അന്താരാഷ്ട്ര വിപണികളിലെയും ഒട്ടുമിക്ക രാജ്യങ്ങളിലും മത്സ്യം വിലവർദ്ധനവ് നേരിടുന്നുണ്ടെന്നും അൽ-സർഹീദ് കൂട്ടിചേർത്തു.



