കുവൈത്ത് സിറ്റി: കുടുംബ സന്ദർശക (Visit Visa) വിസ ആർട്ടിക്കിൾ 22 (കുടുംബ/ഡിപ്പെൻഡന്റ്) റെസിഡൻസിയാക്കി മാറ്റുന്നതിനുള്ള പുതിയ വ്യവസ്ഥകൾ കുവൈത്ത് അധികൃതർ വിശദീകരിച്ചു.സാധാരണ കുടുംബ റെസിഡൻസി അനുവദിക്കുന്നതിനുള്ള നിബന്ധനകൾ പാലിക്കുന്ന പ്രവാസികൾക്ക്, അതിൽ പ്രതിമാസം കുറഞ്ഞത് 800 കുവൈത്തി ദിനാർ ശമ്പളം ഉൾപ്പെടെ ആവശ്യമായ യോഗ്യതകൾ ഉണ്ടായാൽ, 150 ദിനാർ വിസ മാറ്റ ഫീസ്, ആരോഗ്യ ഇൻഷുറൻസ്, റെസിഡൻസി സ്റ്റാമ്പ് ഫീസ് എന്നിവ അടച്ച് ഭാര്യ, 18 വയസ്സിന് താഴെയുള്ള ആൺമക്കൾ, 21 വയസ്സിന് താഴെയുള്ള അവിവാഹിതരായ പെൺമക്കൾ എന്നിവരുടെ സന്ദർശക വിസ ആർട്ടിക്കിൾ 22 റെസിഡൻസിയാക്കി മാറ്റാം.
അതേസമയം, 800 ദിനാർ ശമ്പള വ്യവസ്ഥ പാലിക്കാത്തവർക്കും ചില മാനുഷികവും പ്രത്യേകവുമായ സാഹചര്യങ്ങളിൽ ഇളവ് ലഭിക്കും. ഇതിൽ, സാധുവായ കുവൈത്ത് റെസിഡൻസി ഉള്ള അമ്മയുടെ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ, കൂടാതെ മുൻ റെസിഡൻസി കാലാവധി അവസാനിച്ച് ഒരു വർഷത്തിൽ താഴെ മാത്രമായ ഭാര്യമാർ എന്നിവരുടെ അപേക്ഷകൾ ഉൾപ്പെടും. ഇത്തരം അപേക്ഷകൾ റെസിഡൻസ് അഫയേഴ്സ് ഡയറക്ടർ ജനറലിന്റെ പ്രത്യേക അനുമതിക്ക് വിധേയമായിരിക്കും.സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കുന്നതനുസരിച്ച്, അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടിയുടെ അമ്മയ്ക്ക് സാധുവായ കുവൈത്ത് റെസിഡൻസി ഉണ്ടെങ്കിൽ, ആ കുട്ടിയുടെ സന്ദർശക വിസ റെസിഡൻസിയാക്കി മാറ്റാൻ മാതാപിതാക്കൾക്ക് അപേക്ഷിക്കാം. കുടുംബ സന്ദർശക വിസ റെസിഡൻസിയാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട പുതിയ മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായാണ് ഈ വ്യവസ്ഥ.
അതുപോലെ, ഭാര്യയുടെ മുൻ റെസിഡൻസി കാലാവധി അവസാനിച്ച് ഒരു വർഷം തികയാത്ത സാഹചര്യത്തിൽ, നിശ്ചിത ഫീസ് അടച്ച് ഭർത്താവിന് ഭാര്യയുടെ വിസ റെസിഡൻസിയാക്കി മാറ്റാൻ അപേക്ഷിക്കാനും കഴിയും. എന്നാൽ ഇത്തരം കേസുകളിൽ അന്തിമ തീരുമാനം റെസിഡൻസ് അഫയേഴ്സ് ഡയറക്ടർ ജനറലിന്റെ വിവേചനാധികാരത്തിന് വിധേയമായിരിക്കും.
കൂടാതെ, ഭാര്യയ്ക്കും മക്കൾക്കും അനുവദിച്ചിരിക്കുന്ന സന്ദർശക വിസകൾ ആർട്ടിക്കിൾ 18 (സ്വകാര്യ മേഖല തൊഴിൽ വിസ) ആയി മാറ്റാൻ അനുവദിക്കില്ലെന്നും, അവയ്ക്ക് ബാധകമായ സാഹചര്യങ്ങളിൽ ആർട്ടിക്കിൾ 22 കുടുംബ റെസിഡൻസിയായി മാത്രമേ മാറ്റാൻ കഴിയൂവെന്നും അധികൃതർ വ്യക്തമാക്കി.



