കുവൈറ്റ് സിറ്റി: ലോക ശുചീകരണ ദിനത്തിന്റെ ഭാഗമായി കുവൈറ്റിൽ വിപുലമായ ശുചീകരണ യജ്ഞങ്ങളും പരിപാടികളും നടന്നു. രാജ്യത്തെ ആറ് ഗവർണറേറ്റുകളും വിവിധ സർക്കാർ ഏജൻസികളും സന്നദ്ധ സേവന സംഘങ്ങളും സ്വകാര്യ മേഖലയും സംയുക്തമായി രാജ്യത്തുടനീളമുള്ള പൊതുസ്ഥലങ്ങളിലും പാർക്കുകളിലും കടൽത്തീരങ്ങളിലും തീവ്രമായ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പരിസ്ഥിതി സംരക്ഷണത്തിനായി ആഗോളതലത്തിലുള്ള ശ്രമങ്ങളെ ഏകോപിപ്പിക്കുക, പരിസ്ഥിതി അവബോധം വളർത്തുക, ഭക്ഷ്യ മാലിന്യങ്ങൾ ഉൾപ്പെടെയുള്ള വെല്ലുവിളികളെ നേരിടുക, സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് എല്ലാ വർഷവും സെപ്റ്റംബർ 20-ന് ലോക ശുചീകരണ ദിനം ആചരിക്കുന്നത്.
പരിസ്ഥിതിയെക്കുറിച്ചുള്ള ഈ അവബോധം സുസ്ഥിരമായ സാമൂഹിക ശീലങ്ങളാക്കി മാറ്റേണ്ടതിന്റെ ആവശ്യകത വികസന, സുസ്ഥിരതാ കാര്യ മന്ത്രി ഡോ. റീം അൽ-ഫലേജ് എടുത്തുപറഞ്ഞു. പരിസ്ഥിതിയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കുന്നതിൽ സാമൂഹിക ഉത്തരവാദിത്തം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യവും അവർ വ്യക്തമാക്കി.



