HomeGULFമണിക്കൂറുകൾക്കുള്ളിൽ രണ്ട് അടിയന്തര ജാഗ്രതാ മുന്നറിയിപ്പുകൾ; റിയാദിലും അൽ-ഖർജിലും കടുത്ത സുരക്ഷാ നിർദ്ദേശം

മണിക്കൂറുകൾക്കുള്ളിൽ രണ്ട് അടിയന്തര ജാഗ്രതാ മുന്നറിയിപ്പുകൾ; റിയാദിലും അൽ-ഖർജിലും കടുത്ത സുരക്ഷാ നിർദ്ദേശം

spot_img

കുവൈറ്റ് സിറ്റി: മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥയെത്തുടർന്ന് റിയാദ്, അൽ-ഖർജ് ഗവർണറേറ്റുകളിലെ നിവാസികൾക്കായി മൂന്ന് മണിക്കൂറിനിടെ രണ്ട് അടിയന്തര സുരക്ഷാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ച് സൗദി അറേബ്യൻ സിവിൽ ഡിഫൻസ്. അടിയന്തര സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ ജനങ്ങൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ദേശീയ മുൻകൂർ മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം വഴി വെള്ളിയാഴ്ച രാത്രി ജിദ്ദ, തായിഫ്, യാൻബു, അൽ അൽ-ഉല, അബഹ, ജിസാൻ, ഖമീസ് മുശൈത്ത് തുടങ്ങിയ തെക്കുപടിഞ്ഞാറൻ മേഖലകളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച പുലർച്ചെയോടെ അൽ-ഖർജിലും റിയാദിലും തുടർച്ചയായ മുന്നറിയിപ്പുകൾ നൽകിയത്. ജാലകങ്ങൾ, ബാൽക്കണികൾ, തുറസ്സായ സ്ഥലങ്ങൾ എന്നിവയിൽ നിന്ന് മാറി സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലോ അകത്തെ മുറികളിലോ തുടരാനും ആവശ്യമില്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കാനും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

വാഹനങ്ങൾ ഓടിക്കുന്നവർ പാലങ്ങൾക്കും ഉയരമുള്ള കെട്ടിടങ്ങൾക്കും അകലെ സുരക്ഷിതമായി നിർത്തിയിടണം. അപകടകരമായ സ്ഥലങ്ങളിൽ തടിച്ചുകൂടുന്നതും ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും പൂർണ്ണമായും ഒഴിവാക്കണമെന്നും അടിയന്തര ഘട്ടങ്ങളിൽ 998 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. അതേസമയം സൗദിക്കെതിരെയുള്ള ഹൂതി ആക്രമണങ്ങളെ യൂറോപ്യൻ യൂണിയൻ ശക്തമായി അപലപിച്ചു. ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നയതന്ത്ര ചർച്ചകൾ തുടരുകയാണെന്ന് യൂറോപ്യൻ യൂണിയൻ ഉന്നത പ്രതിനിധി കാജ കല്ലാസ് വ്യക്തമാക്കി.

അതോടൊപ്പം അമേരിക്കൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി റിയാദിലെ യുഎസ് എംബസി. മേഖലയിലെ സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് തങ്ങളുടെ പൗരന്മാർ സൗദി അറേബ്യയിലേക്കുള്ള യാത്രകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എംബസി ലെവൽ 3 യാത്രാ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.

ഇറാൻ ആക്രമണ ഭീഷണിക്ക് പുറമെ സായുധ സംഘർഷങ്ങൾ, ഭീകരവാദ സാധ്യതകൾ, യാത്രാവിലക്കുകൾ, സോഷ്യൽ മീഡിയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രാദേശിക നിയമങ്ങൾ എന്നിവ മുൻനിർത്തിയാണ് യാത്ര പുനരാലോചിക്കാൻ നിർദേശിച്ചിരിക്കുന്നത്. ഭീകരവാദ ഭീഷണി നിലനിൽക്കുന്നതിനാൽ യെമൻ അതിർത്തി പ്രദേശങ്ങളിലേക്ക് ഒരു കാരണവശാലും യാത്ര ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!