കുവൈത്ത് സിറ്റി : കുവൈത്തിലെ മിഷ്‌രിഫിൽ വൈദ്യുതി മന്ത്രാലയത്തിന്റെ ട്രാൻസ്ഫോർമറിൽ മോഷണം. ഏകദേശം 1,200 കുവൈത്ത് ദിനാർ വിലമതിക്കുന്ന രണ്ട് എയർ കണ്ടീഷനിങ് കണ്ടൻസിങ് യൂണിറ്റുകളാണ് അജ്ഞാതൻ മോഷ്ടിച്ചത്.ട്രാൻസ്ഫോർമറിന്റെ വാതിലിലെ പൂട്ട് തകർത്ത് അകത്തുകടന്നാണ് മോഷണം നടത്തിയതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.വൈദ്യുതി, ജല മന്ത്രാലയത്തിന്റെ നിയമ പ്രതിനിധി നൽകിയ പരാതിയെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
മോഷണം പോയ ഉപകരണങ്ങളുടെയും സംഭവസ്ഥലത്തുണ്ടായ നാശനഷ്ടങ്ങളുടെയും വിവരങ്ങൾ രേഖപ്പെടുത്തി.സംഭവത്തിൽ പബ്ലിക് പ്രോസിക്യൂഷന്റെ നിർദേശപ്രകാരം ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.പൂട്ടുതകർത്ത് അതിക്രമിച്ചുകയറി മോഷണം നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷണം ഊർജിതമാക്കി.



