കുവൈറ്റ് സിറ്റി: കുവൈറ്റിൽ സ്ത്രീകൾക്കിടയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അർബുദ കേസുകളിൽ 40 ശതമാനത്തിലധികവും സ്തനാർബുദമാണെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി വ്യക്തമാക്കി. നിലവിൽ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ആശുപത്രികളിൽ 8,000-ത്തിലധികം സ്തനാർബുദ രോഗികളാണ് ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. കുവൈറ്റ് ക്യാൻസർ കൺട്രോൾ സെന്റർ സംഘടിപ്പിച്ച മൂന്നാമത് കുവൈറ്റ് സ്തനാർബുദ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ഉയർന്ന കണക്കുകൾ രോഗ നിർണ്ണയം വേഗത്തിലാക്കുന്നതിനും കൃത്യസമയത്ത് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനുമുള്ള കടുത്ത ഉത്തരവാദിത്തമാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. രോഗികൾക്ക് കാര്യങ്ങൾ കൃത്യമായി അറിയാനും ചികിത്സാ തീരുമാനങ്ങളിൽ പങ്കാളികളാകാനുമുള്ള അവകാശം ഉറപ്പാക്കിക്കൊണ്ട് അവരുടെ അന്തസ്സ് സംരക്ഷിച്ച് ചികിത്സ നൽകാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അർബുദത്തെ പ്രതിരോധിക്കാൻ സമഗ്രമായ കാഴ്ചപ്പാട് ആവശ്യമാണ്. ബോധവൽക്കരണവും രോഗം മുൻകൂട്ടി കണ്ടെത്തലും മുതൽ കൃത്യമായ രോഗനിർണ്ണയം, ചികിത്സ, പുനരധിവാസം, തുടർപരിചരണം എന്നിവ വരെ നീളുന്ന ശാസ്ത്രീയവും വ്യക്തവുമായ സംവിധാനത്തിലൂടെ മാത്രമേ ഇതിനെ ഫലപ്രദമായി നേരിടാൻ സാധിക്കൂ എന്ന് ഡോ. അഹമ്മദ് അൽ അവാദി വ്യക്തമാക്കി.



