കുവൈറ്റ് സിറ്റി: ജഹ്റ ഗവർണറേറ്റിലെ ഒരു കമ്പനിയുടെ വിവിധ സൈറ്റുകളിൽ നിന്ന് ഏകദേശം 25,000 ലിറ്റർ ഡീസൽ മോഷണം പോയ സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. മോഷ്ടിക്കപ്പെട്ട ഇന്ധനത്തിന് ഏകദേശം 3,000 കുവൈറ്റി ദിനാർ വിലമതിക്കുമെന്ന് കണക്കാക്കുന്നു.
കമ്പനിയുടെ ജഹ്റയിലുള്ള വിവിധ സൈറ്റുകളിൽ നിന്ന് കഴിഞ്ഞ ജൂൺ മാസത്തിലാണ് മോഷണം നടന്നത്. കമ്പനി അധികൃതർ ജഹ്റ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനിയുടെ വേലി മുറിച്ചുമാറ്റുകയും ഇരുമ്പ് പൂജുകൾ തകർത്താണ് അജ്ഞാതരായ പ്രതികൾ സൈറ്റുകളിൽ പ്രവേശിച്ചത്. തുടർന്ന് വലിയ അളവിൽ ഡീസൽ കടത്തിക്കൊണ്ടുപോവുകയായിരുന്നു.
കമ്പനിയിൽ വലിയ തോതിൽ ഭൗതിക നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.സംഭവത്തിൽ ഇതുവരെ ആരെയും പ്രതിചേർത്ത് പരാതി നൽകിയിട്ടില്ലെന്ന് കമ്പനിയെ പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകൻ പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചു. മോഷണത്തിന് പിന്നിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനുമുള്ള അന്വേഷണം സുരക്ഷാ വിഭാഗം ഊർജ്ജിതമാക്കിയിട്ടുണ്ട്.



