കുവൈത്ത്സിറ്റി, സെപ്റ്റംബർ 17: വ്യാജ ചെക്കുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ഈജിപ്ഷ്യൻ അക്കൗണ്ടന്റിന് 10 വർഷം തടവും 1,07,000 കുവൈത്തി ദിനാർ പിഴയും കുവൈത്ത് കാസേഷൻ കോടതി വിധിച്ചു. കുവൈത്ത് യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട ഒരു പത്രസ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്നയാളാണ് പ്രതി.
ചെക്കുകളിലെ ഗുണഭോക്താക്കളുടെ പേരുകളിൽ മാറ്റം വരുത്തുകയും വ്യാജ ചെക്കുകൾ തയ്യാറാക്കുകയും ചെയ്ത് 35,000 ദിനാറിലധികം തട്ടിയെടുത്തതായി കേസിൽ കണ്ടെത്തി. സാമ്പത്തിക രേഖകളിൽ കൃത്രിമം നടത്തി പണം അനധികൃതമായി വഴിതിരിച്ചുവിട്ടതായും കോടതി കണ്ടെത്തി.കാസേഷൻ കോടതിയുടെ വിധിയോടെ കേസിലെ അന്തിമ വിധിയാണ് പുറത്തുവന്നിരിക്കുന്നത്.



