കുവൈറ്റ് സിറ്റി: ഈ അധ്യയന വർഷം മുതൽ സ്വകാര്യ അറബ്, പാകിസ്ഥാൻ സ്കൂളുകളിലെ ഫീസ് വർദ്ധിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗികമായി തീരുമാനിച്ചു. സ്വകാര്യ സ്കൂളുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും നടപടിക്രമങ്ങളിലും മാർഗ്ഗനിർദ്ദേശങ്ങളിലും വ്യക്തത വരുത്തുന്നതിനുമാണ് ഈ നടപടി.
മന്ത്രാലയത്തിന്റെ പുതിയ തീരുമാനപ്രകാരം, 250 മുതൽ 450 കുവൈറ്റി ദിനാർ വരെ ഫീസ് ഈടാക്കുന്ന സ്വകാര്യ അറബ്, പാകിസ്ഥാൻ സ്കൂളുകൾക്ക് അതത് സ്കൂളുകളുടെ അംഗീകൃത നിരക്കിന്റെ അടിസ്ഥാനത്തിൽ 15 ശതമാനം വരെ ഫീസ് വർദ്ധിപ്പിക്കാം. 451 കുവൈറ്റി ദിനാറോ അതിൽ കൂടുതലോ ഫീസ് ഈടാക്കുന്ന സ്കൂളുകൾക്ക് 10 ശതമാനം വർദ്ധനവാണ് ബാധകമാവുക. ഈ ഫീസ് വർദ്ധനവ് ഒരു തവണ മാത്രമേ നടപ്പിലാക്കാൻ പാടുള്ളൂ. കൂടാതെ, നിശ്ചയിച്ചിട്ടുള്ള വർദ്ധനവിന് അനുസൃതമായ നിലവാരത്തിലുള്ള വിദ്യാഭ്യാസ സേവനങ്ങൾ വിദ്യാർത്ഥികൾക്ക് നൽകാൻ സ്കൂളുകൾ ബാധ്യസ്ഥരാണ്.
രക്ഷിതാക്കളിൽ നിന്ന് ഫീസ് ഈടാക്കുന്നതിനായി മൂന്ന് തുല്യ ഗഡുക്കളായുള്ള പുതിയ സംവിധാനവും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടുന്ന ആദ്യ ഗഡു വിദ്യാർത്ഥി ക്ലാസിൽ ഹാജരായി ആദ്യ ആഴ്ചയ്ക്കകം അടയ്ക്കണം. അക്കാദമിക് കാൽണ്ടർ പ്രകാരം രണ്ടാം ടേമിന്റെ ആദ്യ ആഴ്ചയിലാണ് രണ്ടാമത്തെ ഗഡു നൽകേണ്ടത്. പാകിസ്ഥാൻ സ്കൂളുകളെ സംബന്ധിച്ച് അക്കാദമിക് കാൽണ്ടർ അനുസരിച്ച് മൂന്നാം ടേമിന്റെ ആദ്യ ആഴ്ചയിലാണ് മൂന്നാമത്തെ ഗഡു അടയ്ക്കേണ്ടത്.
നിശ്ചയിച്ചിട്ടുള്ള ശതമാനത്തിലോ തുകയിലോ അപ്പുറം ഫീസ് വർദ്ധിപ്പിക്കുന്നതോ, ഗഡുക്കളുടെ തീയതികളോ എണ്ണമോ തുകയോ മാറ്റുന്നതോ ആയ നടപടികൾ സ്കൂളുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. അധ്യയന വർഷത്തിനിടയിൽ ഫീസ് അടയ്ക്കാൻ വൈകിയതിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സേവനങ്ങൾ നിഷേധിക്കുകയോ, പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കുകയോ, സ്കൂളിൽ നിന്ന് പുറത്താക്കുകയോ, പരീക്ഷാ ഫലം തടഞ്ഞുവെക്കുകയോ ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.



