കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജനങ്ങളെ വഞ്ചിച്ച് പണം തട്ടാൻ വ്യാജ പോലീസ് വേഷത്തിൽ വീഡിയോ കോളുകൾ നടത്തുന്ന തട്ടിപ്പുസംഘങ്ങൾ വീണ്ടും സജീവമാകുന്നു. ആവർത്തിച്ച് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടും സമാന രീതിയിലുള്ള ഫോൺ കോളുകൾ വീണ്ടും എത്തുന്നുണ്ടെന്ന് താമസക്കാർ വ്യക്തമാക്കുന്നു. വാട്ട്‌സ്ആപ്പിലോ ഗൂഗിൾ മീറ്റിലോ എത്തുന്ന വീഡിയോ കോളുകളിൽ പോലീസ് യൂണിഫോമിന് സമാനമായ വസ്ത്രം ധരിച്ചാണ് തട്ടിപ്പുകാർ പ്രത്യക്ഷപ്പെടുന്നത്.
കുവൈറ്റ് പോലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തുന്ന ഇവർ, ഭയപ്പെടുത്തി സിവിൽ ഐഡി വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഫോട്ടോകൾ, വ്യക്തിഗത ഡാറ്റ എന്നിവ ആവശ്യപ്പെടുകയാണ് രീതി. യൂണിഫോമിലെ അക്ഷരത്തെറ്റുകളും മറ്റ് സംശയങ്ങളും കാരണം ഭൂരിഭാഗം ആളുകളും ഇപ്പോൾ ഈ തട്ടിപ്പ് തിരിച്ചറിയുന്നുണ്ടെങ്കിലും, തട്ടിപ്പുകാർ തങ്ങളുടെ ശ്രമങ്ങൾ തുടരുകയാണ്.
ഔദ്യോഗിക അന്വേഷണങ്ങൾക്കോ വിവരശേഖരണത്തിനോ പോലീസ് സേന ഇത്തരം സോഷ്യൽ മീഡിയ വീഡിയോ കോളുകൾ ഉപയോഗിക്കാറില്ലെന്ന് കുവൈറ്റ് അധികൃതർ വ്യക്തമാക്കി. ഇത്തരം വീഡിയോകോളുകളിൽ വിശ്വസിച്ച് ഭയപ്പെടരുതെന്നും ബാങ്ക് വിവരങ്ങളോ വ്യക്തിഗത രേഖകളോ യാതൊരു കാരണവശാലും കൈമാറരുതെന്നും ഭരണകൂടം ജനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകി.



