കുവൈത്ത് സിറ്റി, ഓഗസ്റ്റ് 6: ഉപഭോക്താക്കൾക്ക് പുതിയത് പോലെ വിറ്റഴിക്കാൻ വൃത്തിയാക്കി നവീകരിച്ചിരുന്ന 1,430 പഴയ ടയറുകൾ കുവൈത്ത് അധികൃതർ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തു.ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ കൺട്രോൾ യൂണിറ്റും ആഭ്യന്തര മന്ത്രാലയത്തിന്റെ ഫർവാനിയ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവും സംയുക്തമായി നടത്തിയ നിരീക്ഷണത്തിനും അന്വേഷണത്തിനും ശേഷമാണ് ഗോഡൗണിൽ പരിശോധന നടത്തിയത്.
പരിശോധനയിൽ ടയറുകൾ വൃത്തിയാക്കാനും തിളക്കമാർന്ന രൂപത്തിലാക്കാനും ഉപയോഗിച്ചിരുന്ന വിവിധ ഉപകരണങ്ങൾ കണ്ടെത്തി. പഴയ ടയറുകൾ ശേഖരിച്ച് അവയുടെ പുറംഭാഗം നവീകരിച്ച് പുതിയതുപോലെ തോന്നിക്കുന്ന രീതിയിൽ വിപണിയിൽ വിൽപ്പനയ്ക്ക് ഒരുക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഗോഡൗണിനെതിരെ നിയമലംഘന റിപ്പോർട്ട് തയ്യാറാക്കുകയും പിടിച്ചെടുത്ത ടയറുകളും ഉപകരണങ്ങളും രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.



