കുവൈത്ത് സിറ്റി: ആറാം റിങ് റോഡിൽ ജഹ്റ ദിശയിലേക്കുള്ള രണ്ട് സ്ലോ ലെയിനുകൾ മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ചാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
മാർട്ടിയേഴ്സ് ഏരിയയ്ക്ക് എതിർവശം മുതൽ 360 മാൾ വരെയുള്ള ഭാഗത്താണ് രണ്ട് സ്ലോ ലെയിനുകൾ അടയ്ക്കുക. കൂടാതെ, മാർട്ടിയേഴ്സ് ഏരിയയിൽ നിന്ന് ആറാം റിങ് റോഡിലൂടെ ജഹ്റ ദിശയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്ന ബ്രിഡ്ജ് എക്സിറ്റും അടച്ചിടും.
ഈ ഭാഗത്തുകൂടി സഞ്ചരിക്കുന്ന വാഹനങ്ങൾ സർവീസ് റോഡിലേക്ക് തിരിച്ചുവിടും. 360 മാൾ എക്സിറ്റ് വഴി വീണ്ടും ആറാം റിങ് റോഡിലേക്ക് പ്രവേശിക്കാനാകും.
സെപ്റ്റംബർ 4 വെള്ളിയാഴ്ച അർധരാത്രി മുതൽ സെപ്റ്റംബർ 6 ഞായറാഴ്ച പുലർച്ചെ 5 മണിവരെയാണ് നിയന്ത്രണം. റോഡിലെ പ്രധാന അസ്ഫാൽറ്റ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനായാണ് താൽക്കാലിക അടച്ചിടൽ.
ഈ സമയത്ത് ആറാം റിങ് റോഡിലൂടെ ജഹ്റ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് യാത്ര മുൻകൂട്ടി ക്രമീകരിക്കാനും നിർദേശിച്ച വഴിതിരിച്ചുവിടലുകൾ പാലിക്കാനും അധികൃതർ അഭ്യർത്ഥിച്ചു.



