HomeGULFഭക്ഷണ ഓർഡറുകളിൽ ഒളിപ്പിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് ഇ-സിഗരറ്റ് വിതരണം; കുവൈത്തിൽ മൂന്ന് പേർ അറസ്റ്റിൽ

ഭക്ഷണ ഓർഡറുകളിൽ ഒളിപ്പിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് ഇ-സിഗരറ്റ് വിതരണം; കുവൈത്തിൽ മൂന്ന് പേർ അറസ്റ്റിൽ

spot_img

കുവൈത്ത്: ഭക്ഷണ വിതരണത്തിന്റെ മറവിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഇലക്ട്രോണിക് സിഗരറ്റുകൾ എത്തിച്ചുനൽകിയ സംഭവത്തിൽ കുവൈത്തിൽ മൂന്ന് പേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.ഭക്ഷണ ഓർഡറുകൾക്കുള്ളിൽ ഇ-സിഗരറ്റുകൾ ഒളിപ്പിച്ചാണ് വിദ്യാർത്ഥികൾക്ക് എത്തിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് നടത്തിയ ഈ പ്രവർത്തനം രക്ഷിതാക്കൾക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.

വിദ്യാർത്ഥികൾക്ക് സാധാരണ ഭക്ഷണ ഡെലിവറി എന്ന രീതിയിൽ എത്തുന്ന പാക്കറ്റുകൾക്കുള്ളിലാണ് ഇ-സിഗരറ്റുകൾ ഒളിപ്പിച്ചിരുന്നത്. ഇതിലൂടെ സ്കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയിൽപ്പെടാതെ ഉൽപ്പന്നങ്ങൾ കൈമാറാനായിരുന്നു ശ്രമം.ഹൈസ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ഇ-സിഗരറ്റുകളുടെ ഉപയോഗം വ്യാപിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

അന്വേഷണത്തിൽ ഒരു ഗ്രോസറി കട കേന്ദ്രീകരിച്ചാണ് ഇ-സിഗരറ്റുകൾ ഭക്ഷണപ്പൊതികളിൽ ഒളിപ്പിച്ച് വിതരണം ചെയ്തിരുന്നതെന്ന് കണ്ടെത്തി. നിയമാനുമതി നേടിയ ശേഷം ഡെലിവറി നടത്തുന്നതിനിടെ ഒരാളെ അറസ്റ്റ് ചെയ്തു. തുടർന്ന് കടയിൽ നടത്തിയ പരിശോധനയിൽ രണ്ടുപേർ കൂടി പിടിയിലായി.അറസ്റ്റിലായവരിൽ രണ്ടുപേർ കടയുടെ നടത്തിപ്പും ഓർഡറുകൾ തയ്യാറാക്കലും നിയന്ത്രിച്ചിരുന്നവരാണ്. മൂന്നാമൻ പാക്കറ്റുകളിൽ ഇ-സിഗരറ്റുകൾ ഉണ്ടെന്നറിഞ്ഞുകൊണ്ട് ഡെലിവറി നടത്തിയിരുന്നതായും അധികൃതർ അറിയിച്ചു.

കുവൈത്ത് മുനിസിപ്പാലിറ്റി, വാണിജ്യ വ്യവസായ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ എന്നിവയുടെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ കണ്ടുകെട്ടുകയും പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.കുട്ടികൾ ഓൺലൈനിലൂടെയും കടകളിലൂടെയും വാങ്ങുന്ന സാധനങ്ങളും ഭക്ഷണ ഓർഡറുകളും രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

പുകവലിയുടെയും ഇ-സിഗരറ്റുകളുടെയും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.പ്രായപൂർത്തിയാകാത്ത കുട്ടികളെ ലക്ഷ്യമിട്ട് ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കുടുംബങ്ങൾക്കും സുരക്ഷാ ഏജൻസികൾക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!