കുവൈത്ത്: മഹ്ബൂലയിൽ തന്റെ ഫ്ലാഷ് ഡ്രൈവ് മോഷ്ടിച്ചതായി ആരോപിച്ച് രണ്ട് കുവൈത്ത് സ്വദേശികൾക്കെതിരെ അമേരിക്കൻ പ്രവാസി വനിത പോലീസിൽ പരാതി നൽകി.ഒരു കുവൈത്ത് പുരുഷനും സ്ത്രീയും ചേർന്ന് തന്റെ ഫ്ലാഷ് ഡ്രൈവ് മോഷ്ടിച്ചെന്നാണ് യുവതിയുടെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കൈമാറി.
എന്നാൽ മോഷണം പോയതായി പറയുന്ന ഫ്ലാഷ് ഡ്രൈവിൽ എന്തെല്ലാം വിവരങ്ങളാണ് ഉണ്ടായിരുന്നതെന്നോ സംഭവം നടന്ന സാഹചര്യങ്ങളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.പരാതിക്കാരിയുടെയും ആരോപണവിധേയരായ രണ്ട് കുവൈത്ത് സ്വദേശികളുടെയും മൊഴികൾ രേഖപ്പെടുത്തി സംഭവത്തിന്റെ യഥാർത്ഥ സാഹചര്യം കണ്ടെത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം.സംഭവത്തിൽ ക്രിമിനൽ കുറ്റകൃത്യം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനുള്ള അന്വേഷണം തുടരുകയാണ്.



