കുവൈത്ത്: അടിയന്തര സാഹചര്യങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം മൈക്രോസോഫ്റ്റ് ടീംസ് പ്ലാറ്റ്ഫോം ഉപയോഗിച്ച് പരീക്ഷണ ക്ലാസുകൾ സംഘടിപ്പിച്ചു.ഒക്ടോബർ 24 ശനിയാഴ്ച രാവിലെ രാജ്യത്തെ പ്രൈമറി, മിഡിൽ, സെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി ഒരു മണിക്കൂർ വീതമാണ് ഓൺലൈൻ ക്ലാസുകൾ നടത്തിയത്.
സ്കൂളുകളുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാങ്കേതിക തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനും ഓൺലൈൻ വിദ്യാഭ്യാസ സംവിധാനത്തിന്റെ കാര്യക്ഷമത പരിശോധിക്കുന്നതിനുമാണ് പരീക്ഷണം സംഘടിപ്പിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ തബ്തബായി വിവിധ സ്കൂളുകളിലെ മൂന്ന് ഓൺലൈൻ ക്ലാസുകളിൽ നേരിട്ട് പങ്കെടുത്തു. വിദ്യാർത്ഥികളുമായി സംവദിച്ച മന്ത്രി അധ്യാപകരുടെ ക്ലാസ് അവതരണവും വിദ്യാർത്ഥികളുടെ പങ്കാളിത്തവും വിലയിരുത്തി.ഫൈഹാ ഗേൾസ് മിഡിൽ സ്കൂളിലെ ഏഴാം ക്ലാസ് സോഷ്യൽ സ്റ്റഡീസ്, ജാസിം അൽ ഖറാഫി സെക്കൻഡറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് ഭരണഘടനാ പഠനം, ഫഹദ് അൽ സാലിം ബോയ്സ് സെക്കൻഡറി സ്കൂളിലെ പതിനൊന്നാം ക്ലാസ് ഇംഗ്ലീഷ് എന്നീ ക്ലാസുകളിലാണ് മന്ത്രി പങ്കെടുത്തത്.
മന്ത്രി നിരീക്ഷിച്ച മൂന്ന് ക്ലാസുകളിലും സാങ്കേതിക തടസ്സങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നിശ്ചയിച്ച സമയക്രമപ്രകാരം ക്ലാസുകൾ പൂർത്തിയാക്കിയെന്നും മന്ത്രാലയം വ്യക്തമാക്കി.അതേസമയം, പരീക്ഷണത്തിനിടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരിടേണ്ടിവരുന്ന സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ സ്കൂൾ അധികൃതർക്ക് മന്ത്രി നിർദേശം നൽകി.
ഓൺലൈൻ ക്ലാസുകളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ സഹകരിച്ച രക്ഷിതാക്കളെയും അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു.ഏത് അടിയന്തര സാഹചര്യത്തിലും സാധാരണ ക്ലാസുകളിൽനിന്ന് ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് ഉടൻ മാറാൻ സ്കൂളുകൾ സജ്ജമായിരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസം തടസ്സമില്ലാതെ തുടരുന്നതിനും ഭാവിയിൽ ഉണ്ടായേക്കാവുന്ന അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനും ആവശ്യമായ ഡിജിറ്റൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് ഈ പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം.അതേസമയം, നിലവിൽ സ്കൂളുകൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറുമെന്ന പ്രഖ്യാപനമല്ല ഇതെന്നും അടിയന്തര സാഹചര്യങ്ങൾക്കായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായുള്ള പരീക്ഷണം മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി.



