കുവൈറ്റ്സിറ്റി: സ്വന്തം ജീവനും മറ്റ് യാത്രക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിൽ അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ച സംഭവത്തിൽ ഒരാളെ കുവൈറ്റ് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സെക്യൂരിറ്റി കൺട്രോൾ ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടെത്തുകയും അന്വേഷണം നടത്തി ഡ്രൈവറെ തിരിച്ചറിയുകയുമായിരുന്നു.
നിയമനടപടികൾ പൂർത്തിയാക്കിയ പ്രതിയെ സെൻട്രൽ ജയിലിലേക്ക് മാറ്റി.സംഭവത്തിന് ഉപയോഗിച്ച വാഹനം ആഭ്യന്തര മന്ത്രാലയത്തിന് കണ്ടുകെട്ടുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പിടിച്ചെടുത്തു. കുവൈറ്റ് ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 33 (ബിസ്) അനുസരിച്ച്, അശ്രദ്ധമായോ അപകടകരമായോ വാഹനമോടി മറ്റുള്ളവരുടെയോ സ്വന്തമോ ആയ ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കുന്നവർക്ക് ഒരു വർഷത്തിൽ കൂടുതലും മൂന്ന് വർഷം വരെയും തടവുശിക്ഷ ലഭിക്കാം.



