കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ മിന്നൽ പരിശോധനയിൽ ഉറവിടം വ്യക്തമല്ലാത്ത 56 കിലോഗ്രാം ഇറച്ചി പിടിച്ചെടുത്ത് നശിപ്പിച്ചു. അൽ-ഫിർദൗസ്, അൽ-റാഇ കേന്ദ്രങ്ങളുടെ സഹകരണത്തോടെ ഫർവാനിയ ഗവർണറേറ്റ് ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്‌മെന്റാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
പരിശോധനാ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നാല് ഔദ്യോഗിക പാരതികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി അതോറിറ്റി നടത്തിവരുന്ന കർശന നടപടികളുടെ ഭാഗമായാണ് ഈ പരിശോധന. നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.



