കുവൈത്ത് സിറ്റി: ഷർഖിൽ ഫസ്റ്റ് റിംഗ് റോഡിന് എതിർവശത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ട്രക്ക് കുത്തിത്തുറന്ന് വിലപിടിപ്പുള്ള ഘടകങ്ങൾ മോഷ്ടിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 1982-ൽ ജനിച്ച പാകിസ്ഥാൻ പ്രവാസിയാണ് പരാതിയുമായി ഷർഖ് പൊലീസ് സ്റ്റേഷനെ സമീപിച്ചത്.
തന്റെ ഉടമസ്ഥതയിലുള്ള 2011 മോഡൽ ട്രക്കാണ് മോഷണത്തിനിരയായതെന്ന് അദ്ദേഹം നൽകിയ പരാതിയിൽ പറയുന്നു. വാഹനം കുത്തിത്തുറന്ന് ട്രക്കിന്റെ മീറ്റർ, എൻജിൻ കൺട്രോൾ യൂണിറ്റ്, കമ്പ്യൂട്ടർ, ഡോർ ട്രിം, ട്രിം ബട്ടണുകൾ എന്നിവയാണ് മോഷ്ടാക്കൾ കവർന്നത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫോറൻസിക് സാങ്കേതിക വിദഗ്ധർ വാഹനത്തിൽ നിന്ന് വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചു. കുറ്റവാളിയെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പോലീസ് മോഷണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



