കുവൈത്ത് സിറ്റി: ഫഹഹീൽ എക്സ്പ്രസ് വേയിലെ അബു ഹലീഫ പ്രവേശന കവാടത്തിലുണ്ടായ ഗതാഗത തർക്കത്തെ തുടർന്ന് ഡ്രൈവർമാർ തമ്മിൽ കയ്യാങ്കളി. ഒരു വാഹനത്തിന്റെ ഡ്രൈവർക്ക് നേരെ പേന ഉപയോഗിച്ച് കുത്താൻ ശ്രമിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.ഒരു വാഹനം പെട്ടെന്ന് മുന്നിലേക്ക് കയറ്റി അപകടാവസ്ഥ ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് തർക്കം തുടങ്ങിയത്. തുടർന്ന് രണ്ട് ഡ്രൈവർമാരും വണ്ടികൾ നിർത്തി.
ഇതിനിടയിൽ പ്രതിയായ ഡ്രൈവർ പരാതിക്കാരനെതിരെ അസഭ്യം പറയുകയും കാറിന്റെ വാതിലിൽ മനപ്പൂർവ്വം ഇടിക്കുകയും ചെയ്തു. തുടർന്ന് കാറിന്റെ ജനൽ വഴി അകത്തേക്ക് കൈയിട്ട് കയ്യിലുണ്ടായിരുന്ന പേന ഉപയോഗിച്ച് പരാതിക്കാരനെ കുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പരാതിക്കാരൻ സമയോചിതമായി പ്രതിയുടെ കൈ പിടിച്ച് തടഞ്ഞതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തിൽ പൊലീസ് കേസെടുത്ത് ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.



