HomeCommunityഗൾഫ് മണ്ണിൽ കൊച്ചു കേരളം; പ്രവാസി മലയാളി സമൂഹത്തിന് അഭിമാനമായി ഒ.ഐ.സി.സി കുവൈറ്റിന്റെ ‘ഓണപ്പൊലിമ 2026’

ഗൾഫ് മണ്ണിൽ കൊച്ചു കേരളം; പ്രവാസി മലയാളി സമൂഹത്തിന് അഭിമാനമായി ഒ.ഐ.സി.സി കുവൈറ്റിന്റെ ‘ഓണപ്പൊലിമ 2026’

spot_img

കുവൈറ്റ് സിറ്റി: പ്രവാസി മലയാളി സമൂഹത്തിന് കേരളത്തിന്റെ തനിമയും സാംസ്കാരിക പൈതൃകവും പകർന്നുനൽകി ഒ.ഐ.സി.സി കുവൈറ്റ് സംഘടിപ്പിച്ച ‘ഓണപ്പൊലിമ 2026’ ഉം ‘അച്ചീവേഴ്സ് അവാർഡ്’ വിതരണവും ശ്രദ്ധേയമായി. വൈവിധ്യമാർന്ന കലാപരിപാടികളും വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കുവൈറ്റിലെ മലയാളി സമൂഹത്തിന്റെ വിപുലമായ പങ്കാളിത്തത്തോടെ നടന്ന പരിപാടി ഗൾഫ് മണ്ണിൽ കൊച്ചു കേരളത്തിന്റെ പ്രതീകമായി മാറി.ഒ.ഐ.സി.സി കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് ബി.എസ്. പിള്ളയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യവും മതനിരപേക്ഷതയും വ്യക്തിസ്വാതന്ത്ര്യവും വെല്ലുവിളികൾ നേരിടുന്ന സാഹചര്യമാണ് ഇന്ന് രാജ്യത്തുള്ളതെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിൽ പ്രധാനപ്പെട്ട വോട്ടവകാശം അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ ജനാധിപത്യവിശ്വാസികൾ ഒന്നിച്ചുനിന്ന് പോരാടേണ്ടതുണ്ട്. ഡൽഹിയിൽ നടന്നുവരുന്ന പോരാട്ടങ്ങൾ ഇതിന്റെ ഉദാഹരണമാണെന്നും അവർ കൂട്ടിച്ചേർത്തു.അഭിപ്രായവ്യത്യാസങ്ങളെയും വിമർശനങ്ങളെയും അടിച്ചമർത്തുകയല്ല, മറിച്ച് അവയെ ഉൾക്കൊണ്ട് മുന്നോട്ടുപോകുകയെന്നതാണ് നമ്മുടെ പൂർവികർ ഉയർത്തിപ്പിടിച്ച നിലപാടെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. പ്രവാസികളുൾപ്പെടെ എല്ലാവരെയും ചേർത്തുപിടിക്കുന്ന സമീപനമാണ് കേരളത്തിലെ യു.ഡി.എഫ് സർക്കാരിന്റേതെന്നും വിദ്യാഭ്യാസം, ആരോഗ്യം ഉൾപ്പെടെയുള്ള മേഖലകളിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള കുവൈറ്റിലെ പ്രവാസി മലയാളികളുടെ പങ്കാളിത്തം ആഘോഷങ്ങൾക്ക് കേരളത്തിന്റെ ഉത്സവാന്തരീക്ഷം പകർന്നു. മലയാളികൾക്ക് പുറമെ മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശികളും പരിപാടിയിൽ പങ്കെടുത്തു. പ്രവാസലോകത്തെ സാംസ്കാരിക ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും വേദിയായി ഓണപ്പൊലിമ മാറി.ഒ.ഐ.സി.സി കുവൈറ്റ് കൾച്ചറൽ വിംഗിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ച് അവതരിപ്പിച്ച ‘തൂഫാൻ’ അടിസ്ഥാനമാക്കിയുള്ള ‘കലിങ്ക് പറഞ്ഞ കഥ’ എന്ന നാടകവും പരിപാടിയുടെ പ്രധാന ആകർഷണമായി.

ആഘോഷങ്ങളുടെ ഭാഗമായി സി.ബി.എസ്.ഇ പത്താം, പന്ത്രണ്ടാം ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ‘അച്ചീവേഴ്സ് അവാർഡ്’ സമ്മാനിച്ച് ആദരിച്ചു. വിദ്യാർത്ഥികളുടെ നേട്ടങ്ങളെ അംഗീകരിക്കുകയും പുതിയ തലമുറയ്ക്ക് പ്രചോദനം പകരുകയും ചെയ്യുന്ന ചടങ്ങായി അവാർഡ് വിതരണം ശ്രദ്ധേയമായി.ഒ.ഐ.സി.സി കുവൈറ്റ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.എ. നിസാം സ്വാഗതം ആശംസിച്ചു. ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹാരിത് ഖേതാൻ (കമ്മ്യൂണിക്കേഷൻസ് ആൻഡ് അസോസിയേഷൻസ്) ആശംസകൾ നേർന്നു.

മെട്രോ ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ജിബു ടി. ജോൺ, കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് റഊഫ് മഷൂർ തങ്ങൾ, ഒ.ഐ.സി.സി വൈസ് പ്രസിഡന്റുമാരായ ബിനു ചെമ്പാലയം, വിപിൻ മങ്ങാട്ട്, ജോബിൻ ജോസ്, പ്രോഗ്രാം കൺവീനർ നിബു ജേക്കബ്, ഇലിയാസ് പൊതുവാച്ചേരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഒ.ഐ.സി.സി കുവൈറ്റ് ട്രഷറർ സൂരജ് കണ്ണൻ നന്ദി രേഖപ്പെടുത്തി.

കുവൈറ്റിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, വിവിധ സംഘടനാ നേതാക്കൾ, പത്ര-മാധ്യമ പ്രവർത്തകർ, ഓണപ്പൊലിമ 2026-ന്റെ സ്പോൺസർമാർ, ബിസിനസ് രംഗത്തെ പ്രമുഖർ തുടങ്ങി നിരവധി വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുത്തു.

ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ, യൂത്ത് വിംഗ്, വുമൺസ് വിംഗ്, കൾച്ചറൽ വിംഗ് പ്രവർത്തകർ എന്നിവർ പരിപാടിയുടെ വിജയത്തിനായി സജീവമായി നേതൃത്വം നൽകി.കേരളത്തിന്റെ ഓണപ്പെരുമയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവും പ്രവാസലോകത്ത് ഉയർത്തിപ്പിടിച്ച ‘ഓണപ്പൊലിമ 2026’, വിദ്യാർത്ഥികളെ ആദരിച്ചും പ്രവാസി മലയാളികളുടെ കൂട്ടായ്മയുടെ കരുത്ത് വിളിച്ചോതിയും അവിസ്മരണീയമായ ആഘോഷമായി സമാപിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!